തിരുവല്ല: സോളാർ കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന കോൺഗ്രസ് നേതൃത്വത്തിന് ഇടതുസർക്കാർ കാട്ടിക്കൂട്ടുന്ന ശബരിമലയിലെ വിശ്വാസപ്രമാണ ലംഘനങ്ങളെ ചോദ്യം ചെയ്യാൻ ധൈര്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനടയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുവല്ലായിൽ നടന്ന റോഡ് ഷോയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ സ്വർണ്ണക്കള്ളക്കടത്ത് പോലുള്ള ഗൗരവ വിഷയങ്ങളിൽ അന്വേഷണ ഏജൻസിയുടെ മുമ്പിൽ തലകുനിച്ചു നിൽക്കുന്ന കാഴ്ച ചരിത്രത്തിലാദ്യമാണ്. ശബരിമലയിൽ ഭക്തന്മാരെ ക്രൂരമായി മർദ്ദിച്ചവശരാക്കി ക്രിമിനൽ കേസുകളിൽ കുടുക്കിയ സർക്കാർ രാത്രിയുടെ മറവിൽ തങ്ങളുടെ പാർട്ടി അനുഭാവികളായ സ്ത്രീകളെ ശബരിമലയിൽ കയറ്റി ലക്ഷക്കണക്കിന് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി. കേരള സമൂഹത്തെ ഒന്നടങ്കം വെല്ലുവിളിക്കുന്ന രീതിയിലുള്ള പിൻവാതിൽ നിയമനങ്ങളും അഴിമതിയും നിറഞ്ഞ ഭരണമാണ് കാഴ്ചവയ്ക്കുന്നത്. കേരളത്തിൽ നിന്നുള്ള എം.പി ആയിട്ടുകൂടി രാഹുൽഗാന്ധിക്ക് ഇവിടെ നടക്കുന്ന അഴിമതിയെക്കുറിച്ച് ഒരക്ഷരം പോലും സംസാരിക്കാനുള്ള ധൈര്യമില്ല. ശബരിമലയിലെ ആചാരം സംരക്ഷിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ജനങ്ങളെ വിഡ്ഢികളാക്കി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിക്ക് മാത്രമേ കേരളത്തിൽ ഇനിയൊരു മികച്ചഭരണം കാഴ്ചവയ്ക്കാൻ ആവുകയുള്ളൂ. ശ്രീവല്ലഭ സ്വാമിയുടെ നാടായ തിരുവല്ലായേ തിരുവല്ലഭ എന്നാണ് അറിയപ്പെടേണ്ടത്. കഥകളിയുടെ ഈറ്റില്ലമായ തിരുവല്ല കലാസാംസ്കാരിക പൈതൃകം ഏറെയുള്ള നാടാണെന്നും പറഞ്ഞ കേന്ദ്രമന്ത്രി താമരയ്ക്ക് വോട്ട് നൽകണം അശോകൻ കുളനടയെ വിജയിപ്പിക്കണം എന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.