തിരുവല്ല: തിരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെ തിരുവല്ല നിയോജകമണ്ഡലത്തിൽ മുന്നണി സ്ഥാനാർത്ഥികളെല്ലാം വിജയം സ്വന്തമാക്കാനാകും എന്ന ഉറച്ച വിശ്വാസത്തിലാണ്. സ്ഥാനാർത്ഥി നിർണയത്തിലെ ആശങ്കകളും അനിശ്ചിതത്വങ്ങളും ഒഴിഞ്ഞതോടെ പ്രചാരണത്തിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പമായി. കേരള കോൺഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിൽ എത്തിയശേഷമുള്ള തിരഞ്ഞെടുപ്പ് തിരുവല്ലയുടെ കണക്കെടുപ്പിൽ നിർണായകമാകും. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മണ്ഡലത്തിലെ വികസനവും സജീവ ചർച്ചയായിട്ടുണ്ട്. 1200 കോടി രൂപയുടെ വികസനം അഞ്ചുവർഷത്തിനിടെ നടപ്പാക്കിയതായി മാത്യു.ടി അവകാശപ്പെടുന്നു. അതേസമയം മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നങ്ങളും വികസനത്തിലെ അപര്യാപ്തതകളും മറ്റും ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫും എൻ.ഡി.എയും പ്രചാരണം നടത്തിയത്. സിറ്റിംഗ് സീറ്റ് നിലനിറുത്തുമെന്ന ഉയർന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫിന്റെ തുടക്കംമുതലുള്ള പ്രചാരണം. മുന്നണിയിലെ പടലപ്പിണക്കങ്ങൾ മാറിയതിനാൽ ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണപരാജയങ്ങളും ഇതിനായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. എൻ.ഡി.എയുടെ സ്ഥാനാർത്ഥി നിർണയത്തിലെ പരാതികൾ തുടക്കത്തിൽ വലിയ വിമർശനങ്ങൾ ഉയർത്തിയെങ്കിലും ഇപ്പോൾ തണുത്തമട്ടിലായി. ഇടത് വലത് മുന്നണികളുടെ വീഴ്ചകൾ ഉയർത്തിക്കാട്ടിയാണ് എൻ.ഡി.എയുടെ പ്രചാരണം. നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തീപാറുന്ന പോരാട്ടമാണ് ഇരുവരും നടത്തിയത്. നിശബ്ദ പ്രചാരണത്തിനൊപ്പം തങ്ങൾക്ക് അനുകൂലമായ മുഴുവൻ വോട്ടുകളും പെട്ടിയിലാക്കാനുള്ള അവസാനവട്ട തന്ത്രങ്ങളും മെനയുകയാണ് മുന്നണികൾ. ഇതിനിടെ ചില സ്വതന്ത്ര സ്ഥാനാർത്ഥികളും വോട്ട് പിടിക്കാൻ പരസ്യ പ്രചാരണവുമായി രംഗത്തുണ്ട്.