അടൂർ : അപകീർത്തികരമായ നോട്ടീസ് പ്രചരിപ്പിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി. കണ്ണൻ വരാണാധികാരിയുടെ മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ വരണാധികാരിക്ക് പരാതി നൽകി. ഇന്നലെ ഉച്ചയോടെയാണ് അടൂർ വരാണാധികാരികൂടിയായ അടൂർ ആർ.ഡി.ഒ മുൻപാകെ പരാതികൾ എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ യു.ഡി.എഫ് നേതൃത്വമാണ് ആദ്യം പരാതി നൽകിയത്. അരമണിക്കൂറിന് ശേഷം നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് എം.ജി.കണ്ണൻ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
പത്തനംതിട്ട മാത്തൂർ സ്നേഹതീരം മാത്യൂ ഫിലിപ്പ് എന്ന ആളിന്റെ പേരിൽ 'അടൂരുകാരെ നിങ്ങൾ വഞ്ചിതരാകരുത് 'എന്ന തലവാചകത്തോടെ പ്രസിദ്ധീകരിച്ച നോട്ടീസ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്നതായിരുന്നുവെന്നാണ് ആക്ഷേപം. ഇത് തന്നെയും തന്റെ പിതാവ്, ഭാര്യ, രോഗിയായ മകൻ എന്നിവരെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഇത്തരമൊരാൾ മാത്തൂരില്ലെന്നും അതിനാൽ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടാണ് എം.ജി.കണ്ണൻ ഒാഫീസിനുള്ളിൽ കുത്തിയിരുന്നത്. യു.ഡി.എഫ് നേതാക്കളായ തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, മണ്ണടി പരമേശ്വരൻ എന്നിവരും കണ്ണനൊപ്പമുണ്ടായിരുന്നു. യു.ഡി.എഫ് പ്രവർത്തകർ ഒാഫീസിന്റെ പ്രവേശന കവാടത്തിന് മുന്നിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. വിവരം അറിഞ്ഞ് ജില്ലാ വരാണാധികാരിയായ കളക്ടറെത്തി. വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് കളക്ടർ ഡിവൈ.എസ്.പി യെ വിളിച്ചുവരുത്തി കേസ് എടുക്കാൻ നിർദ്ദേശിച്ചു. ആന്റോ ആന്റണി എം.പിയും സ്ഥലത്തെത്തി. ഇതിനിടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ പ്രവർത്തകരായ എ.പി.ജയൻ, ടി.ഡി. ബൈജു, അഡ്വ.എസ്.മനോജ് എന്നിവരുടെ നേതൃത്വത്തിൽ പരാതിയുമായി എത്തിയത്. ചിറ്റയത്തിനെ അപകീർത്തിപ്പെടുത്തുംവിധം യു.ഡി.എഫ് പ്രവർത്തകർ അടൂർ പൗരാവലിയുടെ പേരിൽ പത്ത് വർഷം നടന്നത് വികസനമോ, പ്രഹസനമോ' എന്ന തലക്കെട്ടിൽ മറ്റൊരു നോട്ടീസ് അച്ചടിച്ചു പ്രചരിപ്പിച്ചു എന്നതായിരുന്നു പരാതി. കൂടാതെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെയും ക്രിസ്തുദേവന്റെയും ചിത്രം പതിച്ച് ഇൗസ്റ്റർ ആശംസാകാർഡ് വിതരണം ചെയ്തു എന്നതും പരാതിക്ക് ഇടയാക്കി. ഡിവൈ.എസ്.പി ഇരു പാർട്ടിക്കാരുമായി വിഷയം ചർച്ച ചെയ്യുകയും കേസ് എടുക്കാമെന്ന ഉറപ്പു നൽകുയും ചെയ്തതോടെയാണ് പ്രതിഷേധങ്ങൾ അവസാനിച്ചത്.