ranni

റാന്നി: പരസ്യ പ്രചാരണം അവസാനിച്ചപ്പോൾ റാന്നി മണ്ഡലത്തിന്റെ സ്ഥിതി പ്രവചനാതീതം. കാൽ നൂറ്റാണ്ടിന്റെ ചരിത്രം ആവർത്തിക്കാൻ എൽ.ഡി.എഫും മാറ്റം സൃഷ്ടിക്കാൻ യു.ഡി.എഫും അട്ടിമറി വിജയം നേടാൻ എൻ.ഡി.എയും കൈമെയ് മറന്ന് അദ്ധ്വാനിച്ചു. സ്ഥാനാർത്ഥി പര്യടന പരിപാ‌ടികളിൽ അവസാന നാളുകളിലുണ്ടായ ആൾക്കൂട്ടങ്ങൾ റാന്നി എങ്ങോട്ടു ചായുമെന്ന് പറയാനാവാത്ത നിലയിലെത്തിച്ചു.

വിജയപ്രതീക്ഷയിൽ എൻ.ഡി.എ

എൻ.ഡി.എയുടെ സ്റ്റാർ മണ്ഡലമാണ് റാന്നി. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാറിനെ രംഗത്തിറക്കി അട്ടിമറി വിജയത്തിനാണ് എൻ.ഡി.എ ശ്രമിക്കുന്നത്. 2016ൽ റാന്നിയിൽ പത്മകുമാറിലൂടെ നടത്തിയ മുന്നേറ്റം ഇത്തവണ വിജയത്തീരത്ത് എത്തുമെന്നാണ് പ്രതീക്ഷ. ജനപ്രിയ സ്ഥാനാർത്ഥി എന്ന പ്രതിച്ഛായയും മണ്ഡലത്തിൽ എല്ലായിടത്തും സ്ഥാനാർത്ഥിക്കുള്ള പരിചയവും സൗഹൃദങ്ങളും എൻ.ഡി.എയ്ക്ക് ആത്മവിശ്വാസം നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ റാലിയിൽ ശബരിമല ഉന്നയിച്ചത് നേട്ടമായേക്കുമെന്ന് കരുതുന്നു. ശബരിമല ഉൾപ്പെടുന്ന മണ്ഡലം കൂടിയാണ് റാന്നി.

തുടർച്ചയ്ക്ക് എൽ.ഡി.എഫ്

റാന്നിയുടെ വികസനത്തുടർച്ചയാണ് എൽ.ഡി.എഫ് വോട്ടർമാരോട് പറഞ്ഞത്. സി.പി.എമ്മിൽ നിന്ന് സീറ്റ് ഏറ്റെടുത്ത കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർത്ഥി പ്രമോദ് നാരായണിനെ രംഗത്തിറക്കി മണ്ഡലം നിലനിറുത്താൻ ശ്രമിക്കുന്നു. സീറ്റ് വിട്ടുകൊടുത്തതിൽ സി.പി.എമ്മിൽ തുടക്കത്തിലുണ്ടായ അമർഷം ഇപ്പോഴില്ല. മണ്ഡലം നിലനിറുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി എ.വിജയരാഘവനും കർശന നിർദേശം നൽകിയിട്ടുണ്ട്. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെട്ടെന്നും ഇനി വേണ്ടതെന്ന് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ട പദ്ധതികളാണെന്നും എൽ.ഡി.എഫ് വിശദീകരിക്കുന്നു.

പിടിച്ചെടുക്കാൻ യു.ഡി.എഫ്

റാന്നി തിരിച്ചു പിടിക്കാൻ യു.ഡി.എഫ് മുൻപെങ്ങുമില്ലാത്ത പ്രചരണമാണ് ഇത്തവണ നടത്തിയത്. ഘടകകക്ഷിക്ക് സി.പി.എം സീറ്റു വിട്ടുകൊടുത്തത് ഇത്തവണ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. യുവനേതാവ് റിങ്കു ചെറയാനെയാണ് മണ്ഡലം പിടിച്ചെടുക്കാൻ നിയോഗിച്ചിരിക്കുന്നത്. സഭകളുടെ പിന്തുണ ഇത്തവണ തങ്ങൾക്കൊപ്പമുണ്ടാകുമെന്നും കരുതുന്നു. ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് അടക്കം മുതിർന്ന നേതാക്കൾ റാന്നിയിൽ ക്യാമ്പ് ചെയ്തായിരുന്നു പ്രചാരണം. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ മണ്ഡലത്തിൽ വൻ ജനപങ്കാളിത്തമുണ്ടായതും ശ്രദ്ധേയമായിരുന്നു.