താഴെ വെട്ടിപ്രത്ത് സി.പി.എം - ബി.ജെ.പി സംഘർഷം
പത്തനംതിട്ട: കലാശക്കൊട്ട് നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് നൽകിയെങ്കിലും എല്ലാ നിയോജകമണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ അണിനിരന്ന റോഡ് ഷോകളും പ്രകടനങ്ങളും ഇന്നലെ ഉണ്ടായിരുന്നു. പത്തനംതിട്ട നഗരത്തിൽ കൊട്ടിക്കലാശത്തിന്റെ അന്തരീക്ഷം തന്നെയായിരുന്നു. യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾ വൈകുന്നേരം 5.30 ഓടെ തന്നെ നഗരത്തിലെത്തി. തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. സ്ഥാനാർത്ഥികൾ ടൗണിൽ പ്രകടനം നടത്തിയ ശേഷം സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ചു. കൊടികൾ വീശിയും മുദ്രാവാക്യം മുഴക്കിയും പ്രവർത്തകർ ആവേശം പകർന്നപ്പോൾ പ്രചാരണ സമാപനം ഫലത്തിൽ കൊട്ടിക്കലാശം തന്നെയായി മാറി. ഇതോടെ എൻ.ഡി.എയുടെ പ്രചാരണ വാഹനങ്ങളും സിവിൽ സ്റ്റേഷനു സമീപം പ്രകടനമായെത്തി. താഴെവെട്ടിപ്രത്ത് ഇന്നലെ വൈകിട്ടുണ്ടായ സംഘർഷത്തിൽ രണ്ട് ഡി.വൈ.എഫ്.എെ പ്രവർത്തകർക്ക് വെട്ടേറ്റു.
രാവിലെ മുതൽ മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തിയ സ്ഥാനാർത്ഥികൾ വൈകുന്നേരത്തോടെ മണ്ഡല കേന്ദ്രങ്ങളിൽ സംഗമിച്ചു. ഇതോടെ ആവേശപൂർവം പ്രവർത്തകരും എത്തി. വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നെങ്കിലും ഇവയെല്ലാം ലംഘിക്കപ്പെട്ടു. സ്ഥാനാർത്ഥികളോടൊപ്പമുള്ള വാഹനങ്ങൾ അടക്കം അണിനിരത്തി റോഡ്‌ഷോ ഗംഭീരമാക്കി. നാസിക് ഡോൾ ഉൾപ്പെടെയുള്ള താളമേളങ്ങളും പ്രചാരണ സമാപനത്തിനു കൊഴുപ്പേകി. സ്ഥാനാർത്ഥികൾ റോഡ്‌ഷോയായി എത്തിയതോടെ റോഡുകളിൽ ഗതാഗത തടസവുമുണ്ടായി.