school
തിരഞ്ഞെടുപ്പ് ആരവങ്ങളൊഴിഞ്ഞ അടൂർ ബി. എഡ് സെന്റർ

അടൂർ : അടൂരിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒട്ടേറെ തിരഞ്ഞെടുപ്പുകളുടെ ചൂടും ചൂരും സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ഹൃദയമിടിപ്പിനും കണ്ണീരിനും ആരവങ്ങൾക്കും സാക്ഷ്യം വഹിച്ച അടൂർ ബി.എഡ് സെന്റർ ഇക്കുറി തീർത്തും ശാന്തം. കുന്നത്തൂർ നിയോജക മണ്ഡലമായിരുന്ന കാലംമുതൽ വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണവും വോട്ടെണ്ണലും നടന്നിരുന്നത് ഇപ്പോഴത്തെ ബി.എഡ് സെന്ററിലായിരുന്നെങ്കിൽ ഇക്കുറി കലാലയമുത്തശിക്ക് വിശ്രമം നൽകി. സ്ഥലപരിമിതി മൂലം വോട്ടെടുപ്പ് സാമിഗ്രികളുടെ വിതരണവും വോട്ടിംഗ് മെഷീൻ സൂക്ഷിക്കുന്നതും വോട്ടെണ്ണലും ഇക്കുറി മണക്കാല തബോവൻ പബ്ളിക് സ്കൂളിലേക്ക് മാറ്റിയതോടെ ഏറെ തിരക്കിൽ അമരേണ്ട അടൂർ ഹൈസ്കൂൾ ജംഗ്ഷൻ പരിസരം ഇന്നലെ തീർത്തും വിജനമായിരുന്നു. ഒരുമാസത്തോളം വോട്ടിംഗ് മെഷീൻ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിനൊപ്പം ബൂത്തുകളുടെ എണ്ണം വർദ്ധിച്ചതോടെ പോളിംഗ് സാമിഗ്രികൾ വിതരണം ചെയ്യുന്നതിന് കൂടുതൽ കൗണ്ടറുകൾ തുറക്കേണ്ടിവന്നതും കാരണമാണ് തിരഞ്ഞെടുപ്പിന്റെ അവസാന ആരവത്തിന് തബോവൻ സ്കൂൾ ഇക്കുറി വേദിയായത്. വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനുള്ള സ്കൂൾ മുറ്റത്തെ വിശാലമായ പാർക്കിംഗ് ഗ്രൗണ്ടും സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലവും കൂടി പാർക്കിംഗിനായി ലഭിച്ചതോടെ റോഡിലെ തിരക്കും ഗതാഗതസ്തംഭനവും ഒഴിവായി. അടൂർ ഗവ.ഹൈസ്കൂളിന്റെ ഭാഗമായിരുന്ന ഇവിടം വർഷങ്ങൾക്ക് മുൻപ് പെൺപള്ളിക്കുടമായിരുന്നു. വിശാലമായ കെട്ടിടം ഇവിടെ ഉണ്ടായതോടെ ഏറെ നാൾ വെറുതേ കിടന്ന കെട്ടിടത്തിലേക്ക് 1989ലാണ് കേരളയൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലുള്ള ബി.എഡ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. 1965ന് മുൻപ് കുന്നത്തൂർ മണ്ഡലത്തിലെ വോട്ടെണ്ണലും ഇവിടെയായിരുന്നു നടന്നുവന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വരെയും വോട്ടെണ്ണൽ ദിവസം ഹൈസ്കൂൾ ജംഗ്ഷൻ ജനസാഗരത്തിനാണ് സാക്ഷ്യം വഹിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് ബി.എഡ് സെന്റർ വോട്ടെണ്ണലിന്റെ പടിക്ക് പുറത്തായതും തോപവൻ സ്കൂൾ വേദിയായതും. വോട്ടെണ്ണൽ ദിവസം വിവിധ പാർട്ടി പ്രവർത്തകരുടെ കാത്തുനിൽപ്പിനായി ഇക്കുറി അടൂർ നിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ബി.എഡ് സെന്ററിലേക്കുള്ള വർഷങ്ങളായുള്ള യാത്ര നാല് കിലോമീറ്റർ അകലെയുള്ള മണക്കാല താഴത്തുമണ്ണിലേക്ക് നീളും.