leader

പത്തനംതിട്ട: വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക് കയറുമ്പോൾ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും നെഞ്ചിടിപ്പേറും. പുറമേ ആത്മവിശ്വാസത്തിലാണ് നേതാക്കൾ. അഞ്ച് മണ്ഡലങ്ങളും തൂത്തുവാരുമെന്ന് ഇടത്, വലതു നേതാക്കൾ അവകാശപ്പെടുന്നു. രണ്ടു മുന്നണികളെ മാറിമാറി തുണച്ച ജില്ലയിൽ ഇക്കുറി ചരിത്രപരമായ മാറ്റം സംഭവിക്കുമെന്നാണ് എൻ.ഡി.എയുടെ അവകാശവാദം. നേതാക്കളുടെ വാക്കുകളിലേക്ക്.

അഞ്ചും നിലനിറുത്തും :

കെ.പി.ഉദയഭാനു, സി.പി.എം ജില്ലാ സെക്രട്ടറി

അഞ്ച് മണ്ഡലങ്ങളും ഇടതിനൊപ്പം തുടരും. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമാകും ഇൗ തിരഞ്ഞെടുപ്പ്. ഫലപ്രദമായ റേഷൻ സംവിധാനം, ഭക്ഷ്യകിറ്റ് വിതരണം, വിലക്കയറ്റ നിയന്ത്രണം, ലൈഫ് ഭവന പദ്ധതി, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റം, കോന്നി മെഡിക്കൽ കോളേജ് തുടങ്ങി ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ വിജയകരമായും അഴിമതിയില്ലാതെയും നടപ്പാക്കിയ സർക്കാരാണിത്. സർക്കാർ പദ്ധതികൾ ജില്ലയിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടപ്പാക്കി. പ്രളയ ദുരിതാശ്വാസത്തിലും കൊവിഡ് പ്രതിരാേധത്തിലും എം.എൽ.എമാർ മുന്നിൽ നിന്നു പ്രവർത്തിച്ചു.

പിടിച്ചെടുക്കും: ബാബു ജോർജ്, ഡി.സി.സി പ്രസിഡന്റ്

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും യു.ഡി.എഫ് പിടിച്ചെടുക്കും. 2016ലെ സാഹര്യമല്ല ഇപ്പോൾ. സർക്കാർ മാറണമെന്ന പൊതുവായ നിലപാടിനൊപ്പമാണ് വോട്ടർമാർ. അഞ്ച് ഇടത് എം.എൽ.എമാർ ഉണ്ടായിട്ടും ജില്ലയ്ക്കായി പ്രത്യേക പദ്ധതികളൊന്നുമില്ല. യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിച്ച ശേഷം ഇടത് സർക്കാരിന്റെ നേട്ടമായി ചിത്രീകരിച്ച വിചിത്ര നാടകങ്ങളാണ് അരങ്ങേറിയത്. കോന്നി മെഡിക്കൽ കോളേജ് പദ്ധതി അടൂർ പ്രകാശ് എം.എൽ.എ ആയിരുന്നപ്പോൾ തുടങ്ങിയതാണ്. ഏകാധിപതിയല്ലാത്ത മനുഷ്യസ്നേഹിയായ മുഖ്യമന്ത്രിയെയാണ് ജനങ്ങൾക്കിഷ്ടം. സ്വർണക്കടത്തും അഴിമതികളുമാണ് എൽ.ഡി.എഫ് ഭരണത്തിൽ അരങ്ങേറിയത്.

തിരിച്ചടി നൽകും:

വിജയകുമാർ മണിപ്പുഴ,

ബി.ജെ.പി ജില്ലാ ജനറൽ സെകട്ട്രറി

ഇരു മുന്നണികളെയും മടുത്ത വോട്ടർമാർ ഇത്തവണ എൻ.ഡി.എയെ പിന്തുണയ്ക്കും. അഞ്ച് മണ്ഡലങ്ങളിലും വിജയസാദ്ധ്യതയുണ്ട്. മുന്നണികളെ മാറിമാറി വിജയിപ്പിച്ചിട്ടും ജില്ലയിൽ അടിസ്ഥാന വികസനം എത്തിയിട്ടില്ല. ഇനി അവരെ പരീക്ഷിക്കണമോ എന്ന ചിന്തയാണ് വോട്ടർമാർക്ക്. കുടിവെള്ള പ്രശ്നം, റോഡ് തുടങ്ങി അടിസ്ഥാനമേഖലയിൽ ഒരു മാറ്റവുമില്ല. മോദി സർക്കാരിന്റെ വികസന പദ്ധതികൾ ജില്ലയിലും നടപ്പാക്കണമെങ്കിൽ എൻ.ഡി.എയുടെ എം.എൽ.എമാർ വേണം. വിശ്വാസികളെ അപമാനിച്ചവർക്ക് വോട്ടർമാർ തിരിച്ചടി നൽകും. ക്രൈസ്തവർ ഉൾപ്പെടെയുള്ള മത ന്യൂനപക്ഷങ്ങൾ എൻ.ഡി.എയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നുണ്ട്.

ഇത് ഇടത് ജില്ല :

എ.പി ജയൻ, സി.പി.എെ ജില്ലാ സെക്രട്ടറി.

ഇടതുപക്ഷ ജില്ലയാണ് പത്തനംതിട്ട. അതിൽ ഇത്തവണയും മാറ്റമുണ്ടാകില്ല. 2016ൽ മണ്ഡലങ്ങൾ 4-1 എന്ന നിലയിലായിരുന്നു. 2019 കോന്നി ഉപതിരഞ്ഞെടുപ്പോടെ 5-0 എന്നായി. ഇത്തവണയും അത് തുടരും. സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിലയിരുത്തിയാണ് വോട്ടർമാർ ബൂത്തുകളിലേക്ക് പോകുന്നത്. പിണറായിയുടെ നേതൃത്വത്തിലുള്ള ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. വർഗീയതയ്ക്കും അഴിമതി നടത്തുന്നവർക്കും സ്ഥാനമില്ലാതാകും. ഇൗ തിരഞ്ഞെടുപ്പോടെ ജില്ലയിലെ യു.ഡി.എഫ് പൂർണമായി തകരും. ബി.ജെ.പിക്കും സ്ഥാനമുണ്ടാകില്ല. വികസനമാണ് ജനങ്ങൾ ചർച്ച ചെയ്തത്.

യു.ഡി.എഫ് തിരിച്ചുവരും:

വിക്ടർ ടി. തോമസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ

ജില്ലയിൽ യു.ഡി.എഫ് വൻ തിരിച്ചുവരവ് നടത്തും. മുന്നണി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അഞ്ചുവർഷത്തെ എൽ.ഡി.എഫ് ഭരണകാലത്ത് ഏറ്റവുമധികം പ്രയാസങ്ങൾ അനുഭവിച്ചവരാണ് ജില്ലാ നിവാസികൾ. പ്രളയബാധിതർക്ക് സർക്കാർ ഭാഗത്തുനിന്ന് അർഹമായ സഹായം നൽകിയില്ല. കാർഷിക മേഖല തകർന്നടിഞ്ഞു. കാട്ടുപന്നി ശല്യം നേരിടാൻ നടപടി ഉണ്ടായില്ല. കോന്നിയിൽ റദ്ദാക്കിയ പട്ടയം പുനഃസ്ഥാപിച്ചില്ല.

പൂർണ വിജയം ആവർത്തിക്കും:

അലക്സ് കണ്ണമല, എൽ.ഡി.എഫ് കൺവീനർ

ജില്ലയിൽ എൽ.ഡി.എഫ് പൂർണ വിജയം ആവർത്തിക്കും. യു.ഡി.എഫിന്റെ ദുഷ്പ്രചാരണങ്ങളെ വോട്ടർമാർ അതിജീവിക്കും. അഞ്ച് മണ്ഡലങ്ങളും നിലനിറുത്തും. രാഷ്ട്രീയ പശ്ചാത്തലം എൽ.ഡി.എഫിന് അനുകൂലമാണ്. സർക്കാരിന്റെ ഭരണ നേട്ടങ്ങളാണ് ജനങ്ങൾ ചർച്ച ചെയ്തത്. നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് തങ്ങൾ അംഗീകാരം തേടുന്നത്.