അടൂർ : വോട്ടെടുപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ ഫലപ്രദമായി പാലിക്കുന്നതിനായി അടൂർ അസംബ്ളി മണ്ഡലത്തിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ എണ്ണം 306 ആയി ഉയർന്നു. കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 191 ആയിരുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 204 ആയി ഉയർന്നിരുന്നു. 1000 വോട്ടർമാരിൽ കൂടുതൽ വോട്ടുള്ള ബൂത്തുകളാണ് ഇക്കുറി വിഭജിച്ച് എണ്ണം വർദ്ധിപ്പിച്ചത്. മണക്കാല തബോവൻ പബ്ളിക് സ്കൂളിൽ ഇന്നലെ രാവിലെ ഒൻപതുമണിയോടെ പോളിംഗ് സാമിഗ്രികളുടെ വിതരണം ആരംഭിച്ചു. 24 കൗണ്ടറുകൾ ഇതിനായി തുറന്നതോടെ ഉച്ചയ്ക്ക് ഒന്നേകാലോടെ പോളിംഗ് സാമിഗ്രികളുടെ വിതരണം പൂർത്തിയാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അതാത് ബൂത്തുകളിലേക്ക് അയച്ചു. റിട്ടേണിംഗ് ഒാഫീസർ കൂടിയായ അടൂർ ആർ.ഡി.ഒയുടെ നിയന്ത്രണത്തിലായിരുന്നു സാമിഗ്രികളുടെ വിതരണം. കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ചതിനാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് കൂടുതൽ വലയേണ്ടിവന്നില്ല. ഏതാനും ചിലബൂത്തുകളിലെ പ്രിസൈഡിംഗ് ഒാഫീസർ എത്താതിരുന്നതിനെ തുടർന്ന് റിസേർവായി വരുത്തിയവരെ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ 12 മണിയോടെ സ്ഥലത്തെത്തിയിരുന്നു.അസംബ്ളി മണ്ഡലത്തിൽ 2,08,099 വോട്ടർമാരുള്ളത്. കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിനേക്കാൾ 1407 വേട്ടർമാരുടെ വർദ്ധനവ് ത്രമേയുള്ളൂ. ഇതിൽ 97,294 പുരുഷ വോട്ടർമാരും 1,10,802 സ്ത്രീ വോട്ടർമാരും മൂന്ന് ട്രാൻസ്ജെൻഡേഴ്സുമാണുള്ളത്.

8 പ്രശ്നബാധിത ബൂത്തുകൾ

മണ്ഡലത്തിൽ എട്ട് പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പഴകുളം ഗവ.എൽ.പി സ്കൂളിലെ രണ്ട് ബൂത്തുകൾ, പഴകുളം കെ.വി.യു.പി സ്കൂളിലെ ഒരു ബൂത്ത്, തോട്ടുവ ഗവ.എൽ.പി സ്കൂളിലെ ഒരു ബൂത്ത്, പറക്കോട് ഗവ.എൽ.പി.എസ്,നായർ സമാജം എൽ.പി.എസ്, മുണ്ടപ്പള്ളി ശ്രീകൃഷ്ണവിലാസം യു. പി സ്കൂൾഎന്നിവിടങ്ങളിലെ ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ഡ്യൂട്ടിക്ക് കൂടുതൽ പൊലീസുകാരെ നിയമിച്ചതിനൊപ്പം വെബ്കാം നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.