തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സാമഗ്രികൾ കുറ്റപ്പുഴ മാർത്തോമ്മ റെസിഡൻഷ്യൽ സ്കൂളിൽ നിന്നും വിതരണം ചെയ്തു. വോട്ടിംഗ് മെഷീനുകളും പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥർക്ക് കൈമാറുന്ന ജോലികൾ ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. ഉച്ചയോടെ വിതരണം പൂർത്തിയാക്കി ബൂത്തുകളിൽ ഉദ്യോഗസ്ഥരെല്ലാം എത്തിയതായും വരണാധികാരി കൂടിയായ ആർ.ഡി.ഒ പി. സുരേഷ് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ മാർത്തോമ്മാ കോളേജായിരുന്നു വേദി. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ കൂടുതൽ സ്ഥലസൗകര്യം വേണ്ടതിനാലാണ് പോളിംഗ് സാമഗ്രികളുടെ വിതരണവും സൂക്ഷിപ്പു കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവുമായി മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂളിനെ തിരഞ്ഞെടുത്തത്. മണ്ഡലത്തിലെ 311 പോളിംഗ് കേന്ദ്രങ്ങളിലേക്കുള്ള സാമഗ്രികളാണ് ഇവിടെ നിന്നും വിതരണം ചെയ്തത്. ഇത്തവണ നൂറോളം പോളിംഗ് സാമഗ്രികളാണ് ബൂത്തുകളിലേക്കു നൽകുന്നത്. സാനിറ്റൈസറും പി.പി.ഇ കിറ്റും ഇതിലുൾപ്പെടും. കൊവിഡ് കാരണം ആയിരത്തിലധികം വോട്ടർമാരുള്ള ബൂത്തുകളെ വിഭജിച്ച് രണ്ടാക്കിയിട്ടുണ്ട്. ഇതോടെ ബൂത്തുകളുടെ എണ്ണം 208ൽ നിന്ന് 311 ആയി ഉയർന്നു. 311 ബൂത്തുകളെ 19 സെക്ടറുകളായി വിഭജിച്ച് ഓരോ സെക്ടറിനും ഓരോ സെക്ടറൽ മജിസ്ട്രേറ്റിനെയും നിയമിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിന് 100 അംഗങ്ങളുള്ള ഇൻഡോ ടിബറ്റൻ ബോർ‌ഡർ പൊലീസ് സംഘം ഒരാഴ്ചയായി തിരുവല്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രശ്നബാധിത ബൂത്തുകളുടെ ചുമതല ഇവർക്ക് കൈമാറി. ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിട്ടുള്ളത്.

ഇരട്ടവോട്ടുകൾ 456

തിരുവല്ല നിയോജകമണ്ഡലത്തിൽ 456 ഇരട്ടവോട്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പട്ടിക തയാറാക്കി പോളിംഗ് ഓഫീസർമാർക്ക് നൽകി. ഇവരെ പ്രത്യേകം നിരീക്ഷിക്കാനുള്ള സംവിധാനവും വോട്ടുചെയ്യുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച മാനദണ്ഡങ്ങളും നടപ്പാക്കും. എല്ലാ പോളിംഗ് സാമഗ്രികളും ലഭിച്ച ഉദ്യോഗസ്ഥർ അവർക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ബൂത്തുകളിലേക്ക് പോയി. പോളിംഗ് ദിനമായ ഇന്ന് രാവിലെ ആറിന് തന്നെ ബൂത്തുകൾ സജീവമാകും. പുലർച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും.

-7മുതൽ വോട്ടെടുപ്പ് ആരംഭിക്കും