കോന്നി : ആടിയുലഞ്ഞിരുന്ന വോട്ടുകൾ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥികൾ. എൽ.ഡി.എസ് സ്ഥാനാർത്ഥി അഡ്വ.കെ.യു. ജനീഷ് കുമാർ, യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ എന്നിവർ വോട്ടർമാരെയും പ്രമുഖരെയും ഇന്നലെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. എല്ലാവരുടെയും പിൻതുണയും തേടി. എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് വേണ്ടി നേതാക്കൾ വീടുകൾ കയറിയിറങ്ങി വോട്ടുകൾ ഉറപ്പിച്ചു. നിശബ്ദ പ്രചാരണമായ ഇന്നലെ സ്ഥാനാർത്ഥികൾക്ക് പുറമെ നേതാക്കളുടെയും യുവജന സംഘടനകളുടെയും വനിതകളുടെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകളും സജ്ജീവമായിരുന്നു. പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനായിരുന്നു അഡ്വ.കെ.യു ജനീഷ് കുമാർ സമയം ചെലവഴിച്ചത്. സന്ദർശനത്തിനിടെ മണ്ഡലത്തിലെ പ്രമുഖരെ ഫോണിൽ വിളിച്ച് ഒരിക്കൽ കൂടി പിന്തുണ ഉറപ്പിക്കാനും സ്ഥാനാർത്ഥി പ്രത്യേക ശ്രദ്ധ പുലർത്തി. ഇന്നലെ രാവിലെ സീതത്തോട്ടിലെ വീട്ടിൽ നിന്നിറങ്ങിയ ജനീഷ് കുമാർ ഭവനങ്ങളിൽ എത്തി അവസാനഘട്ട വോട്ടഭ്യർത്ഥനയും നടത്തി. ഇതിനിടെ പ്രവർത്തകർക്ക് ഒപ്പം ചിലയിടങ്ങളിൽ സ്ലിപ്പ് വിതരണം ചെയ്യുന്നതിനും സമയം കണ്ടെത്തി. കൂടാതെ മേക്കൊഴൂരിലും പൂവം പാറയിലും വിവാഹച്ചടങ്ങിലും സ്ഥാനാർത്ഥി പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം അതിരുങ്കൽ എത്തിയ സ്ഥാനാർത്ഥി കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലിക്കും പ്രവർത്തകർക്കുമൊപ്പം വിവിധ ഭവനങ്ങളിലെത്തി വോട്ടഭ്യർത്ഥന നടത്തി. അവിടെ നിന്ന് കലഞ്ഞൂർ എത്തിയ സ്ഥാനാർത്ഥി അന്തരിച്ച കലഞ്ഞൂർ പഞ്ചായത്തംഗം മാത്യു മുളകുപാടത്തിന്റെ അനുസ്മരണ യോഗത്തിലും പങ്കെടുത്തു. റോബിൻ പീറ്റർ രാവിലെ തന്നെ പ്രമുഖ വ്യക്തിളെ ഫോണിൽ വിളിച്ചും നേരിൽ കണ്ടും വോട്ട് അഭ്യർത്ഥിച്ചു. ഭവന സന്ദർശനം നടത്തുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. അവസാനവട്ടവും വോട്ടുകൾ ഉറപ്പിച്ച ശേഷമാണ് അദ്ദേഹം വീട്ടിൽ മടങ്ങിയെത്തിയത്. കോന്നി നിയോജക മണ്ഡലത്തിലെ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.യു ജനീഷ് കുമാർ സീതത്തോട് കൊച്ചുകൊട്ടമൻപാറ വനിതാ കമ്മ്യൂണി​റ്റി ഹാളിലെ പോളിംഗ് സ്​റ്റേഷനിൽ റോബിൻ പീറ്റർ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലും കെ.സുരേന്ദ്രൻ കോഴിക്കോട് അത്തോളി മൊടക്കല്ലൂർ എ.യു.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തും.