റാന്നി: നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ റാന്നിയിലെ സ്ഥാനാർത്ഥികൾ വീടുകളിൽ നേരിട്ട് ചെന്ന് വോട്ടർമാരെ കണ്ടു വോട്ടുകൾ ഉറപ്പിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി കെ.പത്മകുമാർ വീടുകൾ സന്ദർശിച്ച ശേഷം കുടുംബയോഗങ്ങളിൽ പങ്കെടുത്തു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും വ്യാപാരികളെയും കണ്ട് വോട്ടു തേടി. മത, സാമുദായിക നേതാക്കളെയും സന്ദർശിച്ചു. വിവാഹ വീടുകളിലും മരണ വീടുകളിലുമെത്തി. ഇന്ന് രാവിലെ പ്രമാടം സ്കൂളിൽ വോട്ടു ചെയ്ത ശേഷം മണ്ഡലത്തിൽ തിരിച്ചെത്തും. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രമോദ് നാരായൺ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിട്ടു കണ്ടു സഹായം തേടി. വിവാഹ വീടുകളിൽ എത്തി വധൂവരൻമാർക്ക് ആശംസയർപ്പിച്ചു. ചില മരണ വീടുകളും സന്ദർശിച്ചു. പ്രധാന ടൗണുകളിലെത്തി വ്യാപാരികളോടും വോട്ട് അഭ്യർത്ഥിച്ചു. ഇന്ന് രാവിലെ ഏഴിന് നൂറനാട് സി.ബി.എം സ്കൂളിൽ വോട്ടു ചെയ്ത ശേഷം മണ്ഡലത്തിൽ തിരിച്ചെത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാൻ ഭവന സന്ദർശനം നടത്തിയും സഭാ നേതാക്കളും വോട്ടു തേടി. മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ഒാട്ട പ്രദക്ഷിണം നടത്തി. വ്യാപാരികളെ സന്ദർശിച്ചു. പഴവങ്ങാടി പഞ്ചായത്തിലെ ചെല്ലക്കാട് സ്കൂളിലാണ് റിങ്കുവിന്റെ വോട്ട്. രാവിലെ വോട്ടു ചെയ്ത ശേഷം ബൂത്തുകൾ സന്ദർശിക്കും.