അടൂർ : പ്രചാരണം നിശബ്ദമായിരുന്നെങ്കിലും മുന്നണി പ്രവർത്തകർക്കും സ്ഥാനാർത്ഥികൾക്കും വിശ്രമരഹിതമായ ദിനമായിരുന്നു ഇന്നലെ. പുറമേ ശാന്തമെങ്കിലും അകം നീറിപുകയുന്ന കാഴ്ചയാണ് എവിടെയും. വോട്ട് ഒരിക്കൽകൂടി ഉറപ്പിക്കുന്നതിനുള്ള അവസാനവട്ട ഒാട്ടത്തിലായിരുന്നു ഏവരും.

തികഞ്ഞ ആത്മവിശ്വാസത്തോടെ ചിറ്റയം

നിറഞ്ഞ പുഞ്ചിരിയോടെ പതിവിലും ആത്മവിശ്വാസത്തോടെയാണ് ചിറ്റയം ഗോപകുമാർ ഇന്നലെ പ്രചാരണത്തിനിറങ്ങിയത്. വികസനക്ഷേമ പ്രവർത്തനങ്ങൾ ചെയ്ത സർക്കാരിനെതിരെ നിരവധി കുപ്രചരണങ്ങൾ മറ്റ് മുന്നണികൾ നടത്തിയെങ്കിലും അടൂരിലെ ജനഹൃദയങ്ങളിൽ ചിറ്റയത്തിന്റെ സ്ഥാനം വിളിച്ചറിയിക്കുന്നവിധമായിരുന്നു പ്രചാരണം അവസാനിച്ചത്. ചന്ദനപ്പള്ളി എസ്‌റ്റേറ്റിലെ പ്ലാന്റേഷൻ കോർപ്പറേഷനിലെ ജീവനക്കാരെ പുലർച്ചയ്ക്ക് തന്നെ എത്തി വോട്ടഭ്യർത്ഥിച്ചു. തുടർന്ന് അങ്ങാടിക്കൽ കൈതക്കുഴി കോളനി, മേച്ചേരിപടി, മണ്ണംപ്പുഴ, ചിരണിക്കൽ കോളനി എന്നിവിടങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കൊടുമണ്ണിലെ എയ്ഞ്ചൽ ഹോം,അടൂരിലെ മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം തുവവൂർ സെന്റ് വിൻസെന്റ് കോൺവന്റ്, കടമ്പനാട് നസ്രേത്ത് കോൺവെന്റ് എന്നിവിടങ്ങളിലും ചിറ്റയം എത്തി വോട്ടഭ്യർത്ഥിച്ചശേഷം തെങ്ങമം ചേന്ദംപുത്തൂർ കോളനിയും സന്ദർശിച്ചു.

കോളനികളിൽ സന്ദർശനം നടത്തി എം. ജി. കണ്ണൻ

യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി കണ്ണന്റെ നിശബ്ദ പ്രചാരണം പള്ളിക്കലിൽ നിന്നാണ് ആരംഭിച്ചത്. യു. ഡി. എഫ് പ്രവർത്തകർക്കൊപ്പം പള്ളിക്കൽ, തെങ്ങമം ,പ്രദേശത്തെ വിവിധ കോളനികളിലും വീടുകളിലും സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് വിവാഹ വീടുകളിലും മരണ വീടുകളിലും സന്ദർശനം നടത്തി. ഉച്ചയ്ക്കു ശേഷം ഏനാത്ത് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു. വിവിധ സ്ഥലങ്ങളിൽ ബൂത്ത്തല യോഗങ്ങളിലും പങ്കെടുത്തു.

ക്ഷേത്രദർശനവും കോളനി സന്ദർശനവുമായി അഡ്വ.പന്തളം പ്രതാപൻ

എൻ.ഡി.എ സ്ഥാനാർത്ഥി പന്തളം പ്രതാപൻ ഇന്നലെ രാവിലെ പന്തളം മണികണ്ഠൻ ആൽത്തറയിലും ക്ഷേത്രങ്ങളിലും, അമ്മൂമ്മ കാവിലും ദർശനം നടത്തിയശേഷം മങ്ങാരം പാലത്തടം കോളനികളിൽ ഭവന സന്ദർശനം നടത്തി. പന്തളം,കൊടുമൺ, ഏഴംകുളം,മണ്ണടി ഭാഗങ്ങളിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. മരണം വീടുകളിലും സന്ദർശിച്ച ശേഷം ഉച്ചയോടെ പന്തളം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. വൈകിട്ടോടെ ബൂത്തുതല പ്രവർത്തകരെ നേരിട്ട് കണ്ടും. ഒപ്പം പ്രധാന വ്യക്തികളെ കാണുകയും ബൂത്തുതല യോഗങ്ങളിലും പങ്കെടുത്തു.