പത്തനംതിട്ട: ജില്ലയിൽ വാശിയേറിയ ത്രികോണമത്സരത്തിന്റെ വിധിയെഴുത്ത് ഇന്ന്. കോന്നി, റാന്നി, ആറൻമുള, തിരുവല്ല, അടൂർ മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിൽ മുന്നേറിയത് കോന്നിയിലും റാന്നിയിലുമാണ്. ഇൗ മണ്ഡലങ്ങളിൽ ശക്തരായ എൻ.ഡി.എ സ്ഥാനാർത്ഥികളാണ് മത്സരം കടുപ്പിച്ചത്. കോന്നിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും റാന്നിയിൽ ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാറുമാണ് സ്ഥാനാർത്ഥികൾ. ഇരുവരും തുടർച്ചയായി രണ്ടാം തവണ മണ്ഡലങ്ങളിൽ പോരിനിറങ്ങിയെന്ന പ്രത്യേകതയുമുണ്ട്. കോന്നിയിൽ നിലവിലെ എം.എൽ. എ കെ.യു.ജനീഷ് കുമാർ എൽ.ഡി.എഫിനുവേണ്ടിയും റോബിൻ പീറ്റർ യു.ഡി.എഫിനു വേണ്ടിയും പോരാടുന്നു.
ഘടകക്ഷിക്ക് സീറ്റ് നൽകി ഇടതു മുന്നണി പുതിയ പരീക്ഷണത്തിനിറങ്ങിയ റാന്നിയിൽ കേരളകോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രമോദ് നാരായണനാണ് സ്ഥാനാർത്ഥി. റിങ്കു ചെറിയാനെ രംഗത്തിറക്കിയാണ് കോൺഗ്രസ് മണ്ഡലം പിടിക്കാനൊരുങ്ങുന്നത്.
ആറൻമുളയിലും തിരുവല്ലയിലും അടൂരിലും അവസാന നിമിഷം എൽ.ഡി.എഫ് - യു.ഡി.എഫ് പോരാട്ടമായി മാറിയെങ്കിലും എൻ.ഡി.എ ശക്തമായ സാന്നിദ്ധ്യമായി.മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങൾ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദർശിച്ചു നടപടിക്രമങ്ങൾ വിലയിരുത്തി. ആറന്മുള മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന മൈലപ്ര മൗണ്ട് ബഥനി ഹയർ സെക്കൻഡറി സ്‌കൂൾ, റാന്നി മണ്ഡലത്തിലെ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലാണ് കളക്ടർ എത്തിയത്.
രാവിലെ 8.30ന് വിതരണം ആരംഭിച്ചു. ആറന്മുള മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ 32 കൗണ്ടറുകൾ വഴിയാണു വിതരണം ചെയ്തത്. ഒരു മുറിയിൽ രണ്ട് കൗണ്ടർ എന്ന രീതിയിലാണു സജീകരിച്ചിരുന്നത്. വിതരണം പൂർത്തിയാകുന്നതനുസരിച്ച് ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലേയും പോളിംഗ് സാമഗ്രികളുടെ വിതരണം ഒരേസമയംതന്നെ ആരംഭിച്ചിരുന്നു.