election

പത്തനംതിട്ട :വോട്ടർ പട്ടികയിൽ ഒന്നിലധികം പേര് വന്നിട്ടുള്ള വോട്ടർമാർ ഒന്നിലേറെ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതു ഗുരുതരമായ കുറ്റമായി കണക്കാക്കും. ഇത്തരത്തിൽ പിടിക്കപ്പെടുന്ന ആൾക്ക് തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കേണ്ടിവരും.
വോട്ടർപട്ടികയിൽ ഇരട്ടിപ്പായി വന്നിട്ടുള്ള വോട്ടർമാർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളു എന്ന് ഉറപ്പാക്കുന്നതിന്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ അനുസരിച്ച് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇത്തരത്തിൽ ഇരട്ടിപ്പായി വന്നിട്ടുള്ള വോട്ടർമാരുടെ പട്ടിക എ.എസ്.ഡി ലിസ്റ്റായി തയാറാക്കി പ്രിസൈഡിംഗ് ഓഫീസർമാർക്കു നൽകി. ബി.എൽ.ഒമാർ ഫീൽഡ് പരിശോധന നടത്തി സമർപ്പിച്ചിട്ടുള്ള എ.എസ്.ഡി ലിസ്റ്റും, പ്രിസൈഡിംഗ് ഓഫീസർമാർക്ക് പോളിംഗ് സാമഗ്രികളോടൊപ്പം വിതരണം ചെയ്തു.
ഇത്തരത്തിലുള്ള എ.എസ്.ഡി ലിസ്റ്റിൽപ്പെട്ടവരുടെ കാര്യത്തിൽ സ്വീകരിക്കേണ്ട കൃത്യമായ മാർഗ നിർദേശങ്ങൾ എല്ലാ പ്രിസൈഡിംഗ് ഓഫീസർമാർക്കും രേഖാമൂലം നൽകിയിട്ടുണ്ട്.

ഇരട്ടവോട്ട് തടയുന്നതിനായി
എ.എസ്.ഡി മോനിട്ടർ ആപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് തടയുന്നതിനായി എ.എസ്.ഡി മോനിട്ടർ ആപ്ലിക്കേഷൻ ഉപയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കായാണ് ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. ആബ്സെന്റീസ്, ഷിഫ്റ്റ്, ഡെത്ത് (എ.എസ്.ടി) വിഭാഗത്തിലുള്ള ആളുകളുടെ വോട്ടർപട്ടിക എല്ലാ നിയോജകമണ്ഡലങ്ങളിലെയും ബൂത്തടിസ്ഥാനത്തിൽ ബി.എൽ.ഒമാർ വഴി തയാറാക്കിയിരുന്നു.
റിട്ടേണിംഗ് ഓഫീസർമാർ ഇരട്ടവോട്ടുളള ആളുകളുടെ ലിസ്റ്റ് അതത് പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറുകയും പ്രിസൈഡിംഗ് ഓഫീസർമാർ ലിസ്റ്റിൽ പേരുള്ള വോട്ടർമാർ വോട്ട് ചെയ്യാനെത്തിയാൽ അയാളുടെ വോട്ടർ പട്ടികയുടെ സീരിയൽ നമ്പർ, വോട്ടറുടെ ഫോട്ടോ എന്നിവ എടുത്ത് എ.എസ്.ഡി മോനിട്ടർ ആപ്പിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യും. ഇത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ, റിട്ടേണിംഗ് ഓഫീസർ എന്നിവർ കൺട്രോൾ റൂമിൽ മോണിറ്റർ ചെയ്യും. കേരള ഹൈക്കോടതിയുടെ ഇരട്ടവോട്ട് തടയുന്നത് സംബന്ധിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ നേതൃത്വത്തിലാണ് എ.എസ്.ഡി മോനിട്ടർ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

ഇന്ന് പൊതുഅവധി

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസമായ ഇന്ന് പൊതു അവധി ആയിരിക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങൾ അടക്കം ജീവനക്കാർക്ക് വേതനത്തോടുകൂടി അവധി നൽകേണ്ടതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
'ഡ്രൈഡേ' ആയി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ, ഈ കാലയളവിൽ യാതൊരു തരത്തിലുള്ള മദ്യവിതരണമോ, വിൽപ്പനയോ, സൂക്ഷിച്ചുവയ്ക്കലോ പാടില്ലാത്തതും, ബാർ അടക്കമുള്ള സ്ഥാപനങ്ങളിൽ മദ്യവിതരണം നിരോധിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.