photo

കോന്നി : പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് കോന്നിയിൽ കനത്ത പോളിംഗ്. കത്തിയെരിഞ്ഞ വേനൽച്ചൂടിനെയും വീശിയടിച്ച കാറ്റിനൊപ്പം പെയ്ത മഴയെയും വകവെയ്ക്കാതെ വോട്ടർമാർ തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കാൻ എത്തിയതോടെ മിക്കയിടങ്ങളിലും നീണ്ട നിരയാണ് അനുവഭവപ്പെട്ടത്. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് പ്രതിസന്ധികൾ സൃഷ്ടിച്ചു. കോന്നി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ 71ാം ബൂത്തിൽ മെഷീൻ തകരാർ കാരണം രാവിലെ 7.30 ആയിട്ടും വോട്ടെടുപ്പ് തുടങ്ങാനായില്ല. മ​റ്റൊരു മെഷിൻ വെച്ചെങ്കിലും അതും തകരാറിലായിരുന്നു. രാവിലെ 6.30 മുതൽ ടൗണിലെ ഈ ബൂത്തിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.വൊട്ടെടുപ്പ് തടസപ്പെട്ടതോടെ ഇവിടെ ക്യൂ നിന്നവർ വലിയ തോതിൽ പിരിഞ്ഞു പോയി. ഏറെ നേരത്തിന് ശേഷമാണ് മെഷീൻ പ്രവർത്തനക്ഷമമായത്. ഉച്ചയോടെ വോട്ടർമാരുടെ നീണ്ട നിര വീണ്ടും അ നുഭവപ്പെട്ടു. പ്രമാടം 94-ാം ബൂത്തിൽ പോളിംഗ് ഉദ്യോഗസ്ഥൻ കണ്ണാടി എടുക്കാതെ എത്തിയതിനാൽ വോട്ടിംഗിന് കാലതാമസം നേരിട്ടു.വെളിച്ചകുറവും ഉദ്യോഗസ്ഥന്റെ അനാസ്ഥയും കാരണം മണിക്കൂറുകളാണ് ആളുകൾ വോട്ട് രേഖപ്പെടുത്താൻ കാത്തുനിന്നത്. ഇത് പല തവണ വാക്കേറ്റത്തിനും കാരണമായി. കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോന്നിയിലെ എല്ലാ ബൂത്തുകളിലും രാവിലെ മുതൽ തന്നെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കത്തിയെരിഞ്ഞ വേനൽ ചൂടിലും വോട്ടർമാരുടെ നിര നീണ്ടു. ഉച്ചയോടെ വീശിയടിച്ച കാറ്റിനൊപ്പം ശക്തമായ മഴ പെയ്തെങ്കിലും വോട്ടർമാരെ തളർത്തിയില്ല. മഴ ശമിച്ചതോടെ വീണ്ടും വോട്ടർമാർ ബൂത്തുകളിലേക്ക് ഒഴുകിയെത്തി. സിറ്റിംഗ് എം.എൽ.എ കെ.യു.ജനീഷ് കുമാറിനെതിരെ എം.എൽ.എയായി 23 വർഷം കോന്നിയിൽ കരുത്ത് കാട്ടിയ പ്രകാശ് എം.പിയുടെ അനുയായി യു.ഡി.എഫിലെ റോബിൻ പീറ്ററും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമാണ് ജനവിധി തേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡി തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ മണ്ഡലം കൂടിയാണ് കോന്നി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാർ സീതത്തോട് വാലുപാറ കമ്മ്യൂണിറ്റി ഹാളിലും യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലും എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ കോഴിക്കോട് അത്തോളി മൊടക്കല്ലൂർ എ.യു.സ്കൂളിലും രാവിലെ തന്നെ സമ്മതിദാനം വിനിയോഗിച്ചു. ജനീഷ് കുമാറും റോബിൻ പീറ്ററും പിന്നീട് മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ സന്ദർശം നടത്തി സ്ഥിതി ഗതികൾ വിലയിരുത്തി. വോട്ടർമാർ സമ്മതിദാനം വിനിയോഗിക്കാൻ ഒഴുകിയെത്തിയത് സ്ഥാനാർത്ഥികളെയും മുന്നണികളെയും വിജയ പ്രതീക്ഷയിലാക്കിയിട്ടുണ്ട്.