അടൂർ : കൈതപ്പറമ്പ് സാംസ്കാരിക നിലയത്തിലെ പോളിംഗ് ബൂത്തിൽ ഉണ്ടായ വാക്കുതർക്കത്തിനിടയിൽ കോൺഗ്രസ് പ്രവർത്തകനായ ഷിജുവിന് മർദ്ദനമേറ്റു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും ഇപ്പോൾ സി. പി. എം പ്രവർത്തകനുമായ ജോൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. രാവിലെ 6.30 ന് മോക് പോളിംഗ് കഴിഞ്ഞപ്പോൾ ബൂത്ത് ഏജന്റുമാരോട് അരമണിക്കൂർ കഴിഞ്ഞ് എത്തിയാൽ മതിയെന്ന് പറഞ്ഞതോടെ വോട്ടുചെയ്യാൻ ക്യൂവിൽ നിന്ന ജോൺകുട്ടി എന്തിനാണ് പോളിംഗ് ഏജന്റുമാരെ മാറ്റിനിറുത്തുന്നത് എന്ന് പ്രിസൈഡിംഗ് ഒാഫീസറോട് ചോദിച്ചു. ഇതുകേട്ട ഷിജു ജോൺകുട്ടിയോട് തട്ടിക്കയറുകയായിരുന്നത്രേ.. ഇരുവരും തമ്മിലുള്ള ഉന്തിലും തള്ളിലും ഷിജുവിന്റെ കണ്ണിന് താഴെ ചെറിയ മുറിവുണ്ടായി. പൊലീസ് ഇരുവരേയും മാറ്റിനിറുത്തി. സംഭവം അറിഞ്ഞ് ഏനാത്ത് സി. ഐ എത്തി ജോൺകുട്ടിയെ അറസ്റ്റുചെയ്യുകയായിരുന്നു. ഇൗ സംഭവവും ചില കേന്ദ്രങ്ങളിൽ വോട്ടർമാരെ കൊണ്ടുവരുന്നതിനെ ചൊല്ലി മുന്നണിപ്രവർത്തകർ തമ്മിലുള്ള സിസാര തർക്കങ്ങളും ഒഴിച്ചാൽ തികച്ചും സൗഹാർദ്ദപരമായിരുന്നു തിരഞ്ഞെടുപ്പ്. തുടക്കം മുതൽ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷമായിരുന്നു. രാവിലെ 11 മണി ആയപ്പോഴേക്കും 34.78 ശതമാനവും ഒരുമണിയോടെ 49.85 ശതമാനവും മൂന്ന് മണിയോടെ 60.46 ശതമാനവും അഞ്ച് മണിയോടെ 70.04 ശതമാനവുമായി പോളിംഗ് ഉയർന്നു.പെരിങ്ങനാട് ഗവ. എൽ. പി സ്കൂളിലെ 110-ാം നമ്പർ ബൂത്തിൽ 208 പേർ വോട്ട് ചെയ്തപ്പോഴേക്കും വോട്ടിംഗ് മെഷീൻ തകരാറിലായി. അരമണിക്കൂറിനിടയിൽ പുതിയ വോട്ടിംഗ് മെഷീൻ സ്ഥാപിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. മണക്കാലയിലെ 165-ാം നമ്പർ ബൂത്തിൽ തുടക്കത്തിൽ കണ്ടെത്തിയ തകരാർ ടെക്നീഷ്യൻമാർ എത്തി പരിഹരിച്ചു.മുണ്ടപ്പള്ളി ഗവ. എൽ. പി സ്കൂൾ, ഏനാത്ത് ഇളംഗമംഗലം ഗവ, എൽ. പി സ്കൂൾ, പൂഴിക്കാട് ഗവ. യു. പി സ്കൂൾ എന്നിവിടങ്ങളിലും മെഷീന് തകരാർ ഉണ്ടായതിനെ തുടർന്ന് മാറ്റി പുതിയവ സ്ഥാപിച്ചു.