webcam

പത്തനംതിട്ട : ജില്ലയിലെ 716 ബൂത്തുകളിൽ ജില്ലാതിരഞ്ഞടുപ്പ് ഓഫീസറും ജില്ലാകളക്ടറുമായ ഡോ.നരസിംഹുഗാരി ടി.എൽ.റെഡിയുടെ നേതൃത്വത്തിൽ സംസ്ഥാന ഐ.ടി.മിഷൻ അക്ഷയ മുഖേന ഏർപ്പെടുത്തിയ നിയമസഭാ തിരഞ്ഞെടുപ്പ് തത്സമയ സംപ്രേഷണം ഏറെ ഫലപ്രദമായി.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 93 അക്ഷയ കേന്ദ്ര സംരംഭകരും ബന്ധപ്പെട്ട ജീവനക്കാരും ചേർന്ന് പ്രശ്‌ന സാദ്ധ്യത ബൂത്തുകളിൽ ഉൾപ്പെടെ 716 ബൂത്തുകളിൽ സുസജ്ജവും വിപുലവുമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ഓരോ വോട്ടറും വോട്ട് ചെയ്യാൻ എത്തുന്നതും വോട്ട് ചെയ്തതിനുശേഷം തിരിച്ചിറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ വെബ്കാമറയിലൂടെ വ്യക്തമായി ചിത്രീകരിച്ച് കളക്ടറേറ്റിൽ ഒരുക്കിയ കൺട്രോൾ റൂം മുഖേന ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ബൂത്തുകളിലെ വോട്ടെടുപ്പ് നടപടികൾ നിരീക്ഷിക്കുകയും തത്സമയം ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കളളവോട്ട് ഉൾപ്പെടെയുളള പ്രശ്‌നങ്ങൾ ഒഴിവാക്കി വോട്ടെടുപ്പ് സുഗമവും സുതാര്യവുമാക്കുന്നതിന് വെബ് കാസ്റ്റിംഗ് സഹായകരമായി. ജില്ലാ ഇഗവേണൻസ് പ്രോജക്ട് മാനേജർ ഷൈൻ ജോസിന്റെ നേതൃത്വത്തിലുളള അക്ഷയ ജീവനക്കാരും സംരംഭകരും ഓപ്പറേറ്റർമാരുമടങ്ങിയ ടീമിന്റെ കർമ്മനിരതമായ പ്രവർത്തനം വെബ്കാസ്റ്റിംഗ് സംവിധാനം പൂർണ വിജയത്തിലെത്തിക്കാൻ സാധിച്ചു. പ്രശ്‌ന ബാധിതവും പ്രത്യേക ശ്രദ്ധ ആവശ്യമായിട്ടുമുളളതുമായ 716 ബൂത്തുകളിലെ വെബ് കാസ്റ്റിംഗിന്റെ വിജയത്തിനായി ദിവസങ്ങൾ നീണ്ടുനിന്ന പരിശീലനങ്ങളിലൂടെയും പ്രയത്‌നങ്ങളിലൂടെയും മികവു തെളിയിച്ച അക്ഷയ ടീം കളക്ടറേറ്റിലെ കൺട്രോൾ റൂമിന്റെ പ്രവർത്തനത്തിലും സജീവ സാന്നിദ്ധ്യമായി.

വിവരങ്ങൾ കൃത്യമായി നൽകി പോൾ മാനേജർ ആപ്പ്

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ വിവരങ്ങൾ കൃത്യമായി നൽകി താരമായി പോൾ മാനേജർ ആപ്പ്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ തയാറാക്കിയ പോൾ മാനേജർ ആപ്പാണ് തത്സമയം പോളിംഗ് ബൂത്തുകളിൽ നിന്നുള്ള വിവരങ്ങൾ പത്തനംതിട്ട കളക്ടറേറ്റിൽ സജ്ജമാക്കിയ കൺട്രോൾ റൂമിൽ നൽകിയത്. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിലേക്ക് പുറപ്പെട്ടതു മുതലുള്ള വിവരങ്ങളാണ് ആപ്പ് തത്സമയം നല്കിയത്. പോൾ മാനേജർ ആപ്പ് മോക്‌പോൾ ആരംഭിച്ച സമയം, രാവിലെ ഏഴിന് പോളിംഗ് തുടങ്ങിയതു മുതലുള്ള വിവരങ്ങൾ ബൂത്ത് ക്രമത്തിൽ അപ്പ്‌ഡേറ്റ് ചെയ്തു. ജില്ലാതലത്തിലും നിയോജക മണ്ഡലാടിസ്ഥാനത്തിലും ഓരോ മണിക്കൂറിലും വോട്ട് ചെയ്തവരുടെ എണ്ണം, പോളിംഗ് ശതമാനം, ആകെ വോട്ട് ചെയ്ത പുരുഷൻമാർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ തുടങ്ങിയ വിവരങ്ങളും ഏതൊക്കെ ബൂത്തുകളിലാണ് വൈകുന്നേരം ഏഴ് മണി കഴിഞ്ഞും പോളിംഗ് തുടരുന്നത് തുടങ്ങിയ വിവരങ്ങളും തൽസമയം അറിയിച്ചു.