പത്തനംതിട്ട : ആബ്സന്റീ വോട്ടിന് നൽകിയിട്ടും മറുപടി ലഭിക്കാത്ത വോട്ടർമാർ ബൂത്തിലെത്തി വോട്ട് ചെയ്തു. പോളീംഗ് ബൂത്തുകളിൽ എത്താൻ കഴിയാത്ത 80 വയസു പിന്നിട്ടവർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ, കൊവിഡ് ബാധിതർ, കൊവിഡ് ക്വാറന്റയിനിൽ കഴിയുന്നവർ എന്നിവരെ ആബ്‌സന്റീ വോട്ടർമാരായി പരിഗണിച്ച് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷൻ തപാൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അപേക്ഷ നൽകിയിട്ടും ആബ്സന്റീ വോട്ടിന് പരിഗണിക്കപ്പെടാത്ത പ്രായമായ നിരവധി പേർ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തി. ഇവരിൽ ചിലർക്ക് ഡോളി സൗകര്യം നൽകിയിരുന്നു. മറ്റുള്ളവർ ബന്ധുക്കളുടെ സഹായത്തോടെയാണ് വോട്ട് ചെയ്യാനെത്തിയത്. അപേക്ഷ നൽകിയ പ്രായമായ ദമ്പതികളിൽ ചെലർക്ക് ആബ്സന്റീ വോട്ട് ചെയ്യാൻ അവസരം ലഭിക്കുകയും മറ്റേയാൾ ബൂത്തിലെത്തി വോട്ട് ചെയ്യുകയും ചെയ്യേണ്ടി വന്നു. ഇവരെ അധികം ക്യൂവിൽ നിറുത്താതെ വോട്ട് ചെയ്ത് പെട്ടന്ന് മടങ്ങാനുള്ള സൗകര്യം പോളിംഗ് ഉദ്യോഗസ്ഥർ ചെയ്ത് നൽകി. പ്രായത്തെ തോൽപ്പിച്ച് ക്യൂ നിന്ന് വോട്ട് ചെയ്ത് മടങ്ങിയവരും ഉണ്ട്. ആബ്സന്റീ വോട്ടർമാരുടെ തപാൽ വോട്ട് വീടുകളിലെത്തി പ്രത്യേക പോളിംഗ് സംഘം ശേഖരിക്കുകയായിരുന്നു.