തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല നിയോജകമണ്ഡലത്തിലെ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ആദ്യകണക്കെടുപ്പുകൾ പ്രകാരം 61.33 ശതമാനം (വൈകിട്ട് 5 വരെ) പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞതവണ 69.23 ശതമാനമായിരുന്നു പോളിംഗ്. അനിഷ്ടസംഭവങ്ങൾ ഒന്നുമില്ലാതെ പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നല്ല തിരക്കാണ് ബൂത്തുകളിൽ അനുഭവപ്പെട്ടത്. പല ബൂത്തുകൾക്ക് മുമ്പിലും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ടനിരയായിരുന്നു. ക്യൂവിൽ നിന്നും വോട്ടർമാരെ പ്രവേശിപ്പിച്ചത്. രണ്ട് സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന ക്രമത്തിലായിരുന്നു. ഇതുകാരണം സ്ത്രീകൾ വോട്ട് ചെയ്ത് വേഗത്തിൽ മടങ്ങിയപ്പോൾ പുരുഷന്മാർ ക്യൂവിൽ കാത്തുനിന്ന് കുഴഞ്ഞു. ആയിരത്തിലധികം വോട്ടർമാരുള്ള ബൂത്തുകളിൽ അധിക ബൂത്തുകൾ ഒരുക്കിയതിനാൽ ഒരു കുടുംബത്തിലെ തന്നെ ആളുകൾക്ക് പലബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തേണ്ടി വന്നു. ചില ബൂത്തുകളിൽ വെളിച്ചം കുറവായതും വോട്ടർമാരെ ബുദ്ധിമുട്ടിച്ചു. ഉച്ചയ്ക്ക്ശേഷം മൂന്നിന് ഇടിയോടുകൂടിയ ശക്തമായ മഴ പെയ്തതും ആളുകളെ ദുരിതത്തിലാക്കി.
ബീപ് ശബ്ദം വൈകി; വോട്ടർമാർ കുഴഞ്ഞു
നെടുമ്പ്രം ഗവ.സ്‌കൂളിൽ വോട്ടിംഗ് മെഷീനിൽ നിന്നുള്ള ബീപ് ശബ്ദം വൈകിയതും വോട്ടിംഗ് വൈകിച്ചു. അതേസമയം ഒട്ടേറെ ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ തകരാറിലായത് ഉദ്യോഗസ്ഥരെയും വോട്ടർമാരെയും ബുദ്ധിമുട്ടിലാക്കി. മൂന്ന് പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. തൈമറവുംകര പട്ടംതാണുപിള്ള സ്കൂൾ, തൈമറവുംകര ഗവ.എൽ.പി സ്കൂൾ, കുറ്റൂർ ഗവ.ഹൈസ്കൂൾ എന്നീ പോളിംഗ് സ്റ്റേഷനുകളിലെ മെഷീനുകളാണ് തകരാറിലായത്. ഇതേതുടർന്ന് അരമണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. മെഷീനുകളുടെ തകരാർ പരിഹരിച്ചശേഷമാണ് പിന്നീട് വോട്ടിംഗ് പുന:രാരംഭിച്ചത്.