പന്തളം: പന്തളത്ത് മൂന്ന് പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. അര മണിക്കൂറിന് ശേഷം പുനരാരംഭിച്ചപ്പോൾ 'ബീപ്പ് ' ശബ്ദം നിലച്ചു. കടയ്ക്കാട് ഗവ.എൽ.പി.എസ്.സ്‌കൂളിലെ 29-ാം ബൂത്തിൽ ട്രെയൽ നടത്തി കഴിഞ്ഞപ്പോഴാണ് മെഷീൻ പണി മുടക്കിയത്. രാവിലെ 7ന് വോട്ടിംഗ് ആരംഭിക്കാൻ തുടങ്ങിയപ്പോൾ മെഷീൻ തകരാറിലായി. അര മണിക്കൂർ ശേഷം വോട്ടിംഗ് പുനരാരംഭിച്ചപ്പോൾ ബീപ്പ് ശബ്ദം കേൾക്കാത്തത് വോട്ടർമാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വോട്ടിംഗ് രേഖപ്പെടുത്തി എന്ന് മറുപടിയാണ് ലഭിച്ചത്. മിക്ക ബൂത്തുക്കളിലും ശബ്ദം കുറവാണ് എന്ന പരാതിയും ഉണ്ടായിരുന്നു. രാവിലെ മുടിയൂർക്കോണം എം.ഡി.എൽ.പി എസ്, കുരമ്പാല ഗവ.എൽ.പി എസ് എന്നി പോളിംഗ് സ്റ്റേഷനുകളിലെ മെഷീനുകളും തകരാറിലായി. ഇതേ തുടർന്ന് അര മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. പിന്നീട് മെഷീനുകളുടെ തകരാർ പരിഹരിച്ചതായും വോട്ടിംഗ് പുനരാരംഭിച്ചതായും വരണാധികാരി കൂടിയായ ആർ.ഡി. ഒ അറിയിച്ചു.