തിരുവല്ല: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മാത്യു ടി.തോമസ് വാരിക്കാട് സെവൻത് ഡേ സ്‌കൂളിലെ 91-ാം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴിന് പിതാവ് റവ.ടി.തോമസിനും ഭാര്യ അച്ചാമ്മയ്ക്കും മക്കൾക്കും ഒപ്പമെത്തിയാണ് മാത്യു ടി.തോമസ് വോട്ട് രേഖപ്പെടുത്തിയത്. ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്ന് മാത്യു ടി.തോമസ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോൾ നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ 9ന് കുടുംബത്തോടൊപ്പമാണ് കുഞ്ഞുകോശി പോൾ വോട്ട് ചെയ്യാനെത്തിയത്. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞുകോശി പോൾ പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനടയ്ക്ക് തിരുവല്ല മണ്ഡലത്തിൽ വോട്ടില്ല. അദ്ദേഹം ആറന്മുള നിയോജകമണ്ഡലത്തിലെ കുളനട പഞ്ചായത്ത് ഹൈസ്‌കൂളിലെ ബൂത്തിൽ രാവിലെ ഭാര്യയ്ക്കും മകൾക്കും ഒപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. അമ്പലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് തിരുവല്ലയിലായിരുന്നു വോട്ട്. ഇന്നലെ വൈകിട്ട് അഞ്ചിന് മുത്തൂർ ഗവ.എൽ.പി.സ്‌കൂളിലെ 99-ാം ബൂത്തിലാണ് അനൂപ് വോട്ട് ചെയ്തത്. ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപോലീത്ത എസ്.സി.എസ് സ്‌കൂളിലെ ബൂത്തിലെത്തി രാവിലെ പൗരാവകാശം വിനിയോഗിച്ചു. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ വെണ്ണിക്കുളം വാലാങ്കര എം.ടി.യു.പി.സ്‌കൂളിൽ ഉച്ചയ്ക്ക്ശേഷം വോട്ട് രേഖപ്പെടുത്തി.