പത്തനംതിട്ട: ഉറച്ച തീരുമാനത്താേടെ കാത്തിരുന്നവരായിരിക്കുമോ രാവിലെ തന്നെ ചൂടോടെ വിധിയെഴുതിയത് ?. ഉച്ചവെയിൽ വലുതായി തിളയ്ക്കാതിരുന്നിട്ടും ആ നേരത്ത് മിക്ക ബൂത്തുകളും ഒഴിഞ്ഞു കിടന്നു. കഥപറഞ്ഞും കാര്യങ്ങൾ തിരക്കിയും പോളിംഗ് ഒാഫീസർമാർ സമയം നീക്കി. വൈകിട്ട് വീണ്ടും ആളനക്കം വച്ചപ്പോൾ ജില്ല കനത്ത പോളിംഗ് ശതമാനത്തിലേക്ക് നീങ്ങുമെന്നു തോന്നിച്ചു. കോന്നി ഗവ. എച്ച്.എസ്.എസ്, വയ്യാറ്റുപുഴ എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ബൂത്തുകളിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ 59 ശതമാനം പേർ വോട്ടുചെയ്തു.
ജില്ലയിലെ പോളിംഗ് 2016ന്റെ അടുത്തെങ്ങും എത്താതെ രാത്രി ഏഴിന് ബൂത്തുകളുടെ വാതിലുകൾ അടഞ്ഞു. പലയിടങ്ങളിലും ഇനിയാരെങ്കിലും വരുമോ എന്ന കാത്തിരിപ്പിനു ശേഷമാണ് വോട്ടുപെട്ടി അടച്ചത്. ശതമാനക്കണക്ക് കുറഞ്ഞതിലെ നേട്ടവും ശിക്ഷയും ആരൊക്കെ അനുഭവിക്കണമെന്നറിയാൻ മെയ് രണ്ട് വരെ കൂട്ടലും കുറയ്ക്കുലുമായി കഴിയാം. വോട്ട് ഇരട്ടിപ്പുകാരെയും സ്ഥലത്തില്ലാത്തവരെയും മരിച്ചവരെയും വോട്ടർപട്ടികയിൽ നിന്ന് 'ഇറക്കിവിട്ട'തിനാൽ ശതമാനം കുറഞ്ഞുവെന്ന് പാർട്ടിക്കാരുടെ പ്രാഥമിക വിലയിരുത്തൽ. സ്ഥാനാർത്ഥികൾ എല്ലാവരും വിജയിക്കുമെന്ന് ആത്മവിശ്വാസം പറയുന്നു.
തിരുവല്ല മണ്ഡലത്തിലെ വള്ളംകുളം യു.പി സ്കൂളൽ വോട്ടു ചെയ്തിറങ്ങിയ ഗോപിനാഥക്കുറുപ്പ് (66) കുഴഞ്ഞു വീണ് മരിച്ചത് ദു:ഖമായി. അടൂർ, ആറൻമുള മണ്ഡലങ്ങളിൽ ചിലയിടങ്ങളിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ അടിച്ചു. നേതാക്കളുടെ ഇടപെടലിൽ കാര്യമായി പരിക്കുകളില്ല. ആറൻമുളയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജിനെ തടഞ്ഞതിന് മറുപടിയായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ശിവദാസൻ നായരെ തടഞ്ഞ് സി.പി.എം പ്രവർത്തകർ പണികൊടുത്തു. രാത്രിയോടെ വീണ്ടും മുറുമുറുപ്പ് കണ്ടു തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി.
പലയിടത്തും സംഘർഷം
പത്തനംതിട്ട: തിരഞ്ഞെടുപ്പിനിടെ ജില്ലയുടെ പല ഭാഗത്തും ചെറിയ സംഘർഷങ്ങൾ ഉണ്ടായി. പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ ബൂത്തിൽ സി.പി.എം, കോൺഗ്രസ് പ്രവർത്തർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. സി.പി.എമ്മിന്റെ ബൂത്ത് ഏജന്റ് വരാന്തയിൽ വന്ന് പാർട്ടി പതാക വീശി കാണിച്ചതാണ് സംഘർഷത്തിന് തുടക്കം. ഇത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസ് എത്തി ഇരുവിഭാഗത്തേയും ഒഴിവാക്കി. ഇന്നലെ ഉച്ചയ്ക്ക് 12ന് ആണ് സംഭവം.
അടൂർ ഏഴംകുളം ഗവ.എൽ.പി സ്കൂളിലെ ബൂത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ തിരിച്ചറിയൽ കാർഡ് ഇല്ലാതെ എത്തിയത് യു.ഡി.എഫ് പോളിംഗ് ഏജന്റ് ചോദ്യം ചെയ്തത് ബഹളത്തിന് ഇടയാക്കി. ഇയാൾ പോളിംഗ് ഏജന്റിനെ ഭീഷണിപ്പെടുത്തി. മാസ്ക് ധരിക്കാതെ എത്തിയത് ചോദ്യം ചെയ്ത പൊലീസിനോടും ഇയാൾ തട്ടിക്കയറി.
അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ബൂത്തിന് അടുത്തായി നിന്ന പ്രവർത്തകരെ പൊലീസ് ഒഴിവാക്കാൻ ശ്രമിച്ചത് ചെറിയ ബഹളത്തിന് ഇടയാക്കി.
പോളിംഗ് കുറഞ്ഞു
പത്തനംതിട്ട: ജില്ലയിലെ പോളിംഗ് ശതമാനത്തിൽ വലിയ കുറവ്. ഒടുവിൽ ലഭിച്ച കണക്ക് പ്രകാരം 67.16 ശതമാനമാണ് പോളിംഗ്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 71.66 ശതമാനമായിരുന്നു. ശക്തമായ ത്രികോണ മത്സരം നടന്ന ജില്ലയിൽ നാല് ശതമാനത്തിന്റെ കുറവ് എങ്ങനെ ബാധിക്കുമെന്ന് അറിയാനുള്ള കണക്ക് കൂട്ടലുകൾ ഇനിയുള്ള ദിവസങ്ങളിൽ നടക്കും.
2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ 74.19 ശതമാനവും കഴിഞ്ഞ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ 69.75 ശതമാനവുമായിരുന്നു പോളിംഗ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ 68.2 ശതമാനം പേർ വോട്ടു ചെയ്തിരുന്നു.