ആനന്ദപ്പള്ളി : ഗവ. എൽ. പി സ്കൂളിലെ 82-ാം ബൂത്തിൽ ഒരേ പേരിലും ക്രമനമ്പരിലും രണ്ടുപേർ വോട്ട് ചെയ്യാനെത്തിയത് തർക്കത്തിൽ കലാശിച്ചു. സ്മിത എന്ന യുവതി വോട്ട് ചെയ്യാൻ എത്തിയപ്പോഴേക്കും അതേ പേരും ക്രമനമ്പരുമുള്ള മറ്റൊരു സ്മിത വോട്ടുചെയ്ത് മടങ്ങിയിരുന്നു. ബി.എൽ.ഒ വഴി ലഭിക്കേണ്ട സ്ളിപ്പ് ഇല്ലാഞ്ഞതിനെ തുടർന്ന് തനിക്ക് വോട്ടില്ലെന്ന് വിചാരിച്ച് വീട്ടിൽ ഇരുന്ന യുവതിയെ സി. പി.ഐയുടെ നഗരസഭാ കൗൺസിലർ രാജി ചെറിയാൻ വിളിച്ച് ബൂത്തിലേക്ക് വരുത്തുകയായിരുന്നു. ബി.എൽ.ഒയോട് സ്ളിപ്പ് ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്രമനമ്പർ പറഞ്ഞ് വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് തന്റെ വോട്ട് നേരത്തെ ആരോ ചെയ്ത വിവരം അറിയുന്നത്. ഇതിനെ തുടർന്ന് ടെന്റേഡ് വോട്ട് ചെയ്യാൻ അവസരം നൽകി. ഇവർ പരാതിയൊന്നും നൽകിയിട്ടില്ലെന്ന് പ്രിസൈഡിംഗ് ഒാഫീസർ സിന്ധു എം. സോമൻ പറഞ്ഞു.