അടൂർ : ആനന്ദപ്പള്ളിയിലും ചേന്ദംപള്ളിയിലും എൽ .ഡി.എഫ്, യു. ഡി. എഫ് പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു .ആനന്ദപ്പള്ളിയിൽ സി. പി. ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റ കെ. എസ്. യു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഇമ്മാനുവേലിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വോട്ടുചെയ്യാൻ വന്നവരെ ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ തടഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് എൽ. ഡി. എഫ് പ്രവർത്തകർ പറയുന്നു. ഇതിനെ ചോദ്യംചെയ്തത് ഉന്തിലും തള്ളിലും കലാശിച്ചു. ഇതിനിടെ താഴെവീണ ഇമ്മാനുവേലിന്റെ നെറ്റിക്ക് മുറിവേറ്റു. ബുധനാഴ്ച വൈകിട്ട് പോത്രാട് ജംഗ്ഷന് സമീപത്തുവച്ചും സി. പി. ഐ പ്രവർത്തകരും ഇമ്മാനുവേൽ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു . ചേന്ദംപള്ളിയിൽ വയോധികയെ വോട്ട് ചെയ്യിപ്പിക്കാൻ കൊണ്ടുവന്ന യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ഷിജു പഴകുളം, എബിൻ ശിവദാസ് എന്നിവർക്ക് നേരേയും ആക്രമണം ഉണ്ടായി. ഇവരേയും അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.