cc

രണ്ടാംഘട്ടത്തിൽ കുട്ടികളിലാണ് രോഗം വ്യാപിക്കുന്നതെന്ന് ആരോഗ്യ വകുപ്പ്

പത്തനംതിട്ട : കൊവി‌ഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും മുകളിലെത്തിയതോടെ പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആരോഗ്യ വകുപ്പ് . കുറഞ്ഞസമയത്തിനുള്ളിൽ വാക്സിൻ കൂടുതൽ പേരിലേക്കെത്തിക്കാനാണ് ശ്രമം. കർണാടകയിലെയും മഹാരാഷ്ട്രയിലെയും കണക്കുകളനുസരിച്ച് രണ്ടാംഘട്ടത്തിൽ കുട്ടികളിലാണ് കൊവിഡ് വ്യാപിക്കുന്നതെന്നാണ് വിലയിരുത്തൽ. ജൂണിൽ സ്കൂളുകൾ തുറക്കാൻ ആലോചിക്കുന്നതിനിടെ കൊവിഡ് കൂടുതൽ ആശങ്കയ്ക്ക് വഴിയൊരുക്കുമെന്നാണ് അധികൃതർ പറയുന്നത്. അൻപത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിടത്ത് നൂറിലധികം കേസുകൾ നിലവിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ ആളുകൾ ക്വാറന്റൈനിൽ കഴിയാനും മടിക്കുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കണക്കുകൾ ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. കൊവിഡ് രോഗികളെ ചികിത്സിക്കാനായി ആരംഭിച്ച സി.എഫ്.എൽ.ടി.സികളിൽ ഭൂരിഭാഗവും പ്രവ‌ർത്തനം നിറുത്തി. നിലവിൽ അഞ്ച് എണ്ണമാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ വീടുകളിൽ ചികിത്സ തുടരാൻ ആളുകൾ താൽപര്യം കാണിക്കുന്നതിനാൽ ആവശ്യമെങ്കിൽ സി.എഫ്.എൽ.ടി.സികൾ തുറക്കാം എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്.

അവധികുറച്ച് ആരോഗ്യ പ്രവർത്തകർ

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. ഒഴിച്ചുകൂടാൻ കഴിയാത്തവർക്ക് മാത്രമാണ് വിഷുവിനടക്കമുള്ള അവധികൾ നൽകിയിരിക്കുന്നത്. ഈസ്റ്റർ അവധികളും ആരോഗ്യ പ്രവർത്തകർ ഒഴിവാക്കിയിരുന്നു . കൊവിഡ് കേസുകൾ വർദ്ധിക്കുമെന്നതിൽ എതിരഭിപ്രായം ആരോഗ്യ വകുപ്പ് അധികൃതർക്കുമില്ല. കേസുകൾ വർദ്ധിക്കുന്നതിന് മുമ്പായി വാക്സിൻ നൽകി പരമാവധി കേസുകൾ കുറയ്ക്കാനാണ് ശ്രമം. രണ്ട് ലക്ഷത്തിലധികം പേർ നിലവിൽ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

ഇന്നലെ 111 പേർക്ക്

പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്ന് വന്നതും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നതുമാണ്. 98 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

---------------

" മറ്റ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ കുട്ടികളിലാണ് രണ്ടാം ഘട്ടത്തിൽ കൊവിഡ് ബാധിക്കുന്നതെന്നാണ് വിവരം. കൂടുതൽ ആന്റീ ബോഡികൾ നിർമിക്കാനായി വാക്സിനേഷൻ എല്ലാവരും നടത്തണം. ജാഗ്രതയില്ലെങ്കിൽ വലിയ വിപത്ത് നേരിടേണ്ടി വന്നേക്കാം. "

ഡോ. എ.എൽ ഷീജ

(ഡി.എം.ഒ)