പത്തനംതിട്ട: പൊറോട്ട അടിക്കുന്ന ഹോട്ടൽ ജീവനക്കാരന്റെ മനസിലെന്തായിരിക്കും?. നിറയെ കഥകളാണെങ്കിൽ സുനിൽ കുമ്പഴ വ്യത്യസ്തനാണ്. നൂറിലേറെ ഹോട്ടലുകളിൽ പണിയെടുത്ത ഇൗ ചെറുപ്പക്കാരൻ നൂറിലേറെ കഥകളുമെഴുതി. മാത്രമല്ല, പ്രശസ്തരുടെ പാചകമുറികളിൽ രുചികളുടെ വൈവിദ്ധ്യമൊരുക്കിയിട്ടുമുണ്ട്. ഗാനഗന്ധർവൻ യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ രണ്ട് വർഷത്തോളം പാചകക്കാരനായിരുന്നു സുനിൽ.
പത്താംക്ളാസ് പഠനത്തിന് ശേഷം പതിനഞ്ചാം വയസിൽ വീടുവിട്ടിറങ്ങിയ സുനിൽ തിരുവനന്തപുരത്ത് ഹോട്ടൽ പണികൾ ചെയ്തുകൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വായനയുടെ ലോകത്ത് അറിവിന്റെയും അനുഭവങ്ങളുടെയും പുതിയ വഴികൾ തേടി. ജീവിതാനുഭവങ്ങളെ ഭാഷാഭംഗിയോടെ ചിത്രീകരിച്ച ആദ്യ കഥ 'ആലിംഗനം' ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചതോടെ രചനകളുടെ ലോകത്ത് ശ്രദ്ധേയനായി. എഴുതിയ നൂറിലേറെ കഥകളിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപത് കഥകൾ ചേർത്ത് പുസ്തകമാക്കണമെന്നുണ്ട്. ലോക് ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനാൽ നടന്നില്ല.
22ാം വയസിൽ തിരുവനന്തപുരം സെന്റ്ജോർജ് ലെയ്നിലെ ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യവെ യേശുദാസിന്റെ സുഹൃത്തായ രവീന്ദ്രനെ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ പരിചയപ്പെട്ടു. നല്ല ഭക്ഷണത്തിന് പേരുകേട്ട ആ ഹോട്ടലിൽ പാചകവും കഥകളുമായി കഴിഞ്ഞുകൂടുമ്പോഴായിരുന്നു യേശുദാസിന്റെ വീട്ടിലേക്ക് പാചകക്കാരനെ തേടിയുള്ള അന്വേഷണം അവിടെയെത്തിയത്. തുടർന്ന് ചെന്നൈയിലേക്ക് തീവണ്ടി കയറി. തേങ്ങഅരച്ച് കുരുമുളക് ചേർത്ത ചിക്കൻകറിയാണ് യേശുദാസിന്റെ ഇഷ്ടപ്പെട്ട ഭക്ഷണമെന്ന് സുനിൽ കുമ്പഴ പറയുന്നു. ഭക്ഷണം കഴിക്കുമ്പോൾ പലതവണ തന്നെ അടുത്തുവിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. മഹാനായ പാട്ടുകാരന്റെ പാചകക്കാരനായത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഇപ്പോഴും കരുതുന്നു. യേശുദാസിന്റെ വീട്ടിലെത്തിയ നിരവധി അതിഥികൾക്കും സുനിൽ ഭക്ഷണമൊരുക്കിയിട്ടുണ്ട്.
ആൻഡമാനിൽ ജോലി ചെയ്യുകയായിരുന്ന അച്ഛൻ അപകടത്തിൽ പ്പെട്ടതോടെ അവിടേക്ക് പോകേണ്ടി വന്നതിനാൽ യേശുദുസിന്റെ വീട്ടിലെ രണ്ടുവർഷത്തെ ജോലി അവസാനിപ്പിച്ചു. ഇപ്പോൾ പത്തനംതിട്ട ഹെയ്ഡേ ഹോട്ടലിലെ പാചകക്കാരനാണ്. കുമ്പഴ പറപ്പാട്ട് വീട്ടിലാണ് താമസം. ഭാര്യ രാജി, മക്കൾ അദ്വൈത്, ആദർശ്.