അടൂർ : തിരഞ്ഞെടുപ്പ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി അടൂരിൽ പോളിംഗ് ശതമാനത്തിലുള്ള കുറവ് ആർക്ക് അനകൂലമാകുമെന്ന ചങ്കിടിപ്പ് വർദ്ധിക്കുന്നു. ജില്ലയിലെ അസംബ്ളി മണ്ഡലങ്ങളിൽ പോളിംഗ് ശതമാനത്തിൽ 72.04 ശതമാനവുമായി അടൂരാണ് മുമ്പിലെങ്കിലും 2016ലെ അസംബ്ളി തിരഞ്ഞെടുപ്പിലേയും 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. അതേ സമയം ശക്തമായ മത്സരത്തിനാണ് അടൂർ മണ്ഡലം സാക്ഷ്യം വഹിച്ചതെങ്കിലും വോട്ടിംഗിലെ കുറവ് എന്തുകൊണ്ടുണ്ടായി എന്ന കൂട്ടലിലും കിഴിക്കലിലുമായിരുന്നു ഇന്നലെ മുന്നണി സ്ഥാനാർത്ഥികളും പ്രവർത്തകരും. 2016ൽ 74.52 ശതമാനമായിരുന്നു പോളിംഗ്. അന്ന് 25,460 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചിറ്റയം ഗോപകുമാർ വിജയിച്ചത്. അന്നത്തേതിൽ നിന്നും 2.48 ശതമാനത്തിന്റെ കുറവാണ് ഇക്കുറി ഉണ്ടായത്. 2011-ൽ ഇത് 69.61 ശതമാനമായിരുന്നു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലാകട്ടെ പോളിംഗ് ശതമാനം 76.71 ശതമാനമായി ഉയർന്നു. കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിനേക്കാൾ കേവലം 1407 വോട്ടുകളാണ് ഇക്കുറി ഉണ്ടായിരുന്നത്. അതിൽ തന്നെയും 934 ഇരട്ടവോട്ടുകളായിരുന്നു. ഫലത്തിൽ 473 വോട്ടുകൾ മാത്രമാണ് 2016ലെ അസംബ്ളി തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോഴുള്ള വർദ്ധനവ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഇതാദ്യമായി 76.71ശതമാനമായി ഉയർന്നിട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിനായിരുന്നു 1956 വോട്ടിന്റെ ഭൂരിപക്ഷം. 51,260 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് ബി.ജെ.പി എത്തിയപ്പോൾ 49,280 വോട്ടുകളുമായി മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പന്തളം നഗരസഭയും തുമ്പമൺ പഞ്ചായത്തും ഒഴികെ അടൂർ നഗരസഭ ഉൾപ്പെടെ മറ്റെല്ലായിടത്തും എൽ.ഡി.എഫ് തന്നെ അധികാരത്തിലേറി. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി വിദേശത്തുനിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും വോട്ടർമാർ മണ്ഡലത്തിലെത്തുക പതിവായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഇക്കുറി പലരും ആ ശ്രമം ഉപേക്ഷിച്ചതിനൊപ്പം കൊവിഡ് സമ്പർക്കം ഭയന്ന് നിരവധിയാളുകൾ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നതും പോളിംഗ് ശതമാനം കുറയാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.
പോളിംഗ് ശതമാനത്തിൽ കുറവുണ്ടെങ്കിലും എൽ.ഡി.എഫ് തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. 18,000 ൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷം ചിറ്റയം ഗോപകുമാറിനുണ്ടാകും. മണ്ഡലത്തിൽ നടത്തിയ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ വോട്ടായി മാറും.
ടി.ഡി.ബൈജു
(എൽ.ഡി.എഫ് നിയോജക മണ്ഡലം
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ)
-------------
യു.ഡി.എഫ് സ്ഥാനാർത്ഥി കുറഞ്ഞത് 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. മുൻപ് ഒരുകാലത്തുമുണ്ടാകാത്തവിധത്തിലുള്ള പ്രവർത്തനവും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മികവും എൽ.ഡി.എഫ് സ്ഥാനാർത്ഥിയോടുള്ള എതിർപ്പും തങ്ങൾക്ക് അനുകൂലമാകും.
പഴകുളം ശിവദാസൻ
(യു.ഡി.എഫ് തിരഞ്ഞെടുപ്പ്
കമ്മിറ്റി കൺവീനർ)
-------------
കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും ഇരുമുന്നണികളേയും പരാജയപ്പെടുത്തി ഇക്കുറി എൻ.ഡി.എ അടൂരിൽ വിജയം കൈവരിക്കും. കേന്ദ്ര ഗവ.ജനക്ഷമകരമായ പദ്ധതികളും ശബരിമല വിഷയവും സ്ഥാനാർത്ഥി മണ്ഡലത്തിലെ ജനങ്ങൾക്ക് സുപരിചിതൻ എന്നതും തങ്ങൾക്ക് അനുകൂല ഘടകമാണ്.
അനിൽ നെടുമ്പള്ളി
(ബി.ജെ.പി അടൂർ നിയോജക
മണ്ഡലം പ്രസിഡന്റ് )