വോട്ട് രേഖപ്പെടുത്തിയതിന്റെ അടയാളമായി വിരലിൽ പുരട്ടുന്ന മഷിയുടെ കഥ
ആറന്മുള: തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കുകൾ മാറി സ്ഥാനാർത്ഥികളും പ്രവർത്തകരും നേതാക്കളും ഇനി വിശ്രമത്തിൽ. പക്ഷേ തിരഞ്ഞെടുപ്പിന്റെ ഒാർമ്മയായി വോട്ടർമാരുടെ കൈവിരലിൽ ജനാധിപത്യ പ്രക്രിയയുടെ അടയാളമായ ആ മഷിപ്പാട് ഇപ്പോഴുമുണ്ട്. അത്രപെട്ടന്ന് മായ്ക്കാനാവാത്ത രഹസ്യക്കൂട്ടാണ് ഇൗ മഷി. ജില്ലയിൽ ഇക്കുറി എത്തിയത് 60 ലിറ്ററിലേറെ മഷിയാണ്. ഓരോ ബുത്തിലും 2 കുപ്പി മഷി എന്നതാണ് കണക്ക്. ജില്ലയിൽ 1530 ബുത്തുകളിലായി 3060 കുപ്പി മഷിയാണ് വിതരണം ചെയ്തത്. 10 മില്ലി വീതമുള്ള കുപ്പികളിലാണ് മഷി പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചത്. പോളിംഗ് സ്റ്റേഷനിൽ സെക്കൻഡ് പോളിംഗ് ഓഫിസറാണ് വോട്ടറുടെ ഇടതു ചുണ്ടു വിരലിൽ മഷിയടയാളം പുരട്ടുന്നത്. 35 സെക്കൻഡിനുള്ളിൽ പൂർണമായും ഉണങ്ങുന്ന മഷി ഒരു മാസം വരെ മായില്ല. ബംഗളൂരുവിൽ മൈസൂർ പെയിന്റ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് വേണ്ടി മഷി നിർമിക്കാൻ കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും അംഗീകാരം നേടിയെടുത്ത ഏക സ്ഥാപനം. ഇന്ത്യക്ക് പുറമെ മലേഷ്യ, തായ് ലൻഡ്, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കും ഇവിടെ നിന്നുള്ള മഷിയാണ് കയറ്റി അയയ്ക്കുന്നത്. നാഷണൽ ഫിസിക്കൽ ലബോറട്ടറി ഒഫ് ഇന്ത്യ അംഗീകരിച്ച രാസഘടനയിലാണ് മഷിയുടെ നിർമാണം. പ്രധാന ചേരുവ സിൽവർ നൈട്രേറ്റ് ആണെന്ന് മാത്രമേ കമ്പനി പുറത്തുവിട്ടിട്ടുള്ളു. 1962 ലെ പൊതുതിരഞ്ഞെടുപ്പ് മുതലാണ് ഇന്ത്യയിൽ ഇൗ മഷി ഉപയോഗിച്ചു തുടങ്ങിയത്.