പത്തനംതിട്ട : ഇന്ന് തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ജില്ലയിൽ 10369 കുട്ടികൾ. 5401 ആൺകുട്ടികളും 4968 പെൺകുട്ടികളും. എസ്.സി വിഭാഗത്തിൽ 2025 ഉം എസ്.ടി വിഭാഗത്തിൽ 98 ഉം കുട്ടികളുണ്ട്. 168 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഗവൺമെന്റ് സ്‌കൂളുകളിൽ 1505, എയ്ഡഡ് സ്‌കൂളുകളിൽ 8468 , അൺ എയ്ഡഡ് സ്‌കൂളുകളിൽ 396 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് പത്തനംതിട്ട മാർത്തോമ എച്ച്.എസ്.എസിലാണ്. 255 പേർ. ഏറ്റവും കുറവ് കൈപ്പട്ടൂർ ജി.വി.എച്ച്.എസിൽ. മൂന്നു പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 3711 കുട്ടികൾ പരീക്ഷ എഴുതുന്നതുണ്ട്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് തിരുവല്ല എം.ജി.എം.എച്ച്.എസിലാണ്. 345 പേർ. ഒരു വിദ്യാർത്ഥി പരീക്ഷ എഴുതുന്ന നിരണം സെന്റ് തോമസ് എച്ച്.എസിലാണ് ഏറ്റവും കുറവ്.
ചോദ്യപ്പേപ്പറുകൾ വിവിധ ബാങ്കുകളിലും ട്രഷറികളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പരീക്ഷാ ദിവസങ്ങളിൽ രാവിലെ സ്‌കൂളുകളിൽ ചോദ്യപേപ്പറുകൾ എത്തിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.
കൊവിഡ് മാനദണ്ഡപ്രകാരമാകും പരീക്ഷ നടക്കുക.