കോഴഞ്ചേരി: ശക്തമായ ത്രികോണ മത്സരം നടന്നുവെന്ന പ്രതീതി ഉളവാക്കിയ ആറന്മുള മണ്ഡലത്തിൽ മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയിലാണ്. യു.ഡി.എഫിന്റെ ശക്തികേന്ദ്രമെന്ന് ഖ്യാതി ഉണ്ടായിരുന്ന ആറന്മുള മണ്ഡലത്തിൽ കഴിഞ്ഞ തവണ നേടിയ അട്ടിമറി വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ്. വോട്ടെടുപ്പിന് പിറ്റേന്ന് മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരുമായി നടത്തിയ ആശയ വിനിമയത്തെ തുടർന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം ഇത്തവണ പ്രതീക്ഷിക്കുന്നതായി വീണാ ജോർജ് അറിയിച്ചത്. യു.ഡി.എഫ്. കോട്ടയിൽ കഴിഞ്ഞ പ്രാവശ്യം ഉണ്ടായ അപ്രതീക്ഷിത പരാജയം ഇക്കുറി ഉണ്ടാവില്ലെന്നതും യു.ഡി.എഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവർത്തനവും ജനാധിപത്യ വിശ്വസികളുടെ കൂട്ടായ്മയും ഇക്കുറി തനിക്ക് മികച്ച വിജയം നേടിത്തരുമെന്ന് കെ.ശിവദാസൻ നായരും പറഞ്ഞു.