പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന കൂട്ടലും കിഴിക്കലുമായി മുന്നണികൾ. സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗാണ് (67.18) പത്തനംതിട്ടയിൽ രേഖപ്പെടുത്തിയത്. 2016ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4.48 ശതമാനത്തിന്റെ കുറവാണ് ഇൗ തിരഞ്ഞെടുപ്പിലുണ്ടായത്. പോളിംഗ് ശതമാനം കൂടിയാൽ ഗുണം യു.ഡി.എഫിനും കുറഞ്ഞാൽ എൽ.ഡി.എഫിനും എന്ന പൊതുവായ വിലയിരുത്തൽ ജില്ലയുടെ കാര്യത്തിൽ ശരിയായിട്ടില്ലെന്നത് ചരിത്രം.
2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെ പോളിംഗ് ശതമാനം 68.2 ആയിരുന്നപ്പോൾ അഞ്ചിൽ മൂന്ന് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു. അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങളാണ് ഇടതിനൊപ്പം ചേർന്നത്. കോന്നിയും ആറൻമുളയും യു.ഡി.എഫിനെ തുണച്ചു. 2016ൽ പോളിംഗ് 71.66 ശതമാനം ഉയർന്നപ്പോൾ എൽ.ഡി.എഫ് 4 -1 എന്ന നിലയിൽ മുന്നിലായിരുന്നു. 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 68.75 ആയിരുന്നപ്പോഴും മേൽക്കൈ എൽ.ഡി.എഫിനായിരുന്നു.
അതേസമയം, ഇത്തവണ പോളിംഗ് കുറഞ്ഞത് ഇരട്ടവോട്ടും മരിച്ചവരുടെയും സ്ഥലത്തില്ലാതിരുന്നവരുടെയും പേരുകൾ നീക്കം ചെയ്തതും കൊണ്ടാണെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളോടുള്ള താൽപ്പര്യക്കുറവ് കാരണം, എൽ.ഡി.എഫ് വോട്ടുകൾ ചെയ്യാതിരുന്നിട്ടുണ്ട്. എൻ.ഡി.എയ്ക്ക് മികച്ച സ്ഥാനാർത്ഥികളില്ലാത്തതുകാരണം അവരുടെ വോട്ടർമാരും പോളിംഗ് ബൂത്തിലെത്തിയില്ലെന്നാണ് യു.ഡി.എഫ് കരുതുന്നത്.
പോളിംഗ് കുറയുന്നതും കൂടുന്നതും വിജയസാദ്ധ്യതയെ ബാധിക്കില്ലെന്ന് എൽ.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നു.
------------------------
നേതാക്കൾ പറയുന്നു
'' പോളിംഗ് ശതമാനം കുറഞ്ഞത് എൽ.ഡി.എഫിന്റെ വിജയസാദ്ധ്യതയെ ബാധിക്കില്ല. ആറൻമുളയിലും തിരുവല്ലയിലും ഭൂരിപക്ഷം പതിനായിരത്തിൽ കവിയും. മറ്റ് മണ്ഡലങ്ങൾ നല്ല ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് നിലനിറുത്തും.
കെ. അനന്തഗോപൻ, സി.പി.എം സംസ്ഥാന സമിതിയംഗം.
>>>
'' സ്ഥാനാർത്ഥികളുടെ കാര്യത്തിലുള്ള നിരാശ കാരണം എൽ.ഡി.എഫ്, ബി.ജെ.പി വോട്ടുകൾ ചെയ്യാതിരുന്നതിനാലാണ് പോളിംഗ് കുറഞ്ഞത്. അടൂരിലും റാന്നിയിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം പതിനായിരത്തിൽ കവിയും. കോന്നിയിലും ആറൻമുളയിലും മികച്ച ലീഡിൽ വിജയിക്കും. തിരുവല്ല നേരിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് നേടും.
വി.ആർ. സോജി, ഡി.സി.സി ജനറൽ സെക്രട്ടറി.
>>>
'' എൽ.ഡി.എഫ്, യു.ഡി.എഫ് വോട്ടുകൾ ചെയ്യാതിരുന്നതുകൊണ്ട് പോളിംഗ് കുറഞ്ഞു. അഞ്ച് മണ്ഡലങ്ങളിലും എൻ.ഡി.എ ശക്തമായ മത്സരം നടത്തി. ഒന്നിലേറെ സീറ്റുകളിൽ വിജയ പ്രതീക്ഷ.
വിജയകുമാർ മണിപ്പുഴ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി.
>>
'' അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫ് തന്നെ ജയിക്കും. അടൂരിൽ ഭൂരിപക്ഷം വർദ്ധിക്കും. പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ല
എ.പി.ജയൻ, സി.പി.ഐ ജില്ലാ സെക്രട്ടറി.
>>
'' ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫിന് അനുകൂലമായി നടന്നിട്ടില്ലെങ്കിൽ റാന്നിയിൽ എൻ.ഡി.എ ജയിക്കും. അഞ്ച് മണ്ഡലങ്ങളിലും എൻ.ഡി.എ ശക്തമായ പോരാട്ടം നടത്തി. ഒന്നിലേറെ മണ്ഡലങ്ങളിൽ വിജയിക്കും.
കെ.പദ്മകുമാർ, എൻ.ഡി.എ ജില്ലാ കൺവീനർ.