കോന്നി : ശക്തമായ ത്രികോണ മത്സരം നടന്ന കോന്നിയിൽ വിജയ പ്രതീക്ഷ അർപ്പിച്ച് മുന്നണികളും സ്ഥാനാർത്ഥികളും. സിറ്റിംഗ് എം.എൽ.എ ആയ എൽ.ഡി.എഫിലെ കെ.യു. ജനീഷ് കുമാറിനെതിരെ യു.ഡി.എഫിലെ റോബിൻ പീറ്ററും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമാണ് അങ്കം കുറിച്ചത്. മൂന്ന് മുന്നണികളും ഒരേ പോലെയാണ് വിജയ പ്രതീക്ഷ ഉയർത്തിക്കാട്ടുന്നത്. സീറ്റ് നില നിറുത്തുമെന്ന് എൽ.ഡി.എഫിനും ഉപതിരഞ്ഞെടുപ്പിലൂടെ നഷ്ടമായ സീറ്റ് തിരിച്ചുപിടിക്കാൻ കഴിയുമെന്ന് യു.ഡി.എഫിനും അതിയായ ആത്മവിശ്വാസമുണ്ട്. വിജയം ഉറപ്പെങ്കിലും ഇരു മുന്നണികളും ഭൂരിപപക്ഷം വ്യക്തമാക്കുന്നില്ല. എന്നാൽ സുരേന്ദ്രന് പതിനായിരം ഭൂരപക്ഷം ലഭിക്കുമെന്നാണ് എൻ.ഡി.എ കേന്ദ്രങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ മൂന്ന് മുന്നണികളുടെയും കേന്ദ്ര, സംസ്ഥാന നേതാക്കൾ കോന്നിയിൽ എത്തിയിരുന്നു. പ്രചാരണത്തിന്റെ അവസാന നിമിഷം വരെയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മുന്നണികളും സ്ഥാനാർത്ഥികളും നടത്തിയത്.