ചെങ്ങന്നൂർ: മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി. മുളക്കുഴ വോക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ 72ാം ബൂത്ത്, തിരുവൻമണ്ടൂർ കല്ലിശേരി വി.എച്ച്.എസ് സ്‌കൂളിലെ 44ാം ബൂത്ത് എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതായി പരാതിയുളളത്. മുളക്കുഴ മെഴുവേലിൽ അയ്യത്ത് സുരേഷ് കുമാറിന്റെ വോട്ടാണ് 72ാം ബൂത്തിൽ മറ്റാരോ ചെയ്തത്. രാവിലെ തിരിച്ചറിയൽ കാർഡുമായി സുരേഷ് വോട്ട് ചെയ്യാനെത്തിയപ്പോൾ പാസ്‌പോർട്ട് തിരിച്ചറിയൽ രേഖയായി കാണിച്ച് മറ്റാരോ വോട്ട് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. 44ാം ബൂത്തിലും സമാനമായി കള്ളവോട്ട് നടന്നു. എൽ.ഡി.എഫ് ബൂത്ത് ഏജന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവിടെ ടെണ്ടർ വോട്ട് രേഖപ്പെടുത്തി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകുമെന്ന് എൽ.ഡി.എഫ് നേതൃത്വം അറിയിച്ചു.