തിരുവല്ല: ആളും ആരവുമൊക്കെയായി പ്രചാരണം കൊഴുപ്പിച്ചിട്ടും പോളിംഗ് കുറഞ്ഞതിന്റെ ആശങ്കയിലാണ് തിരുവല്ലയിലെ മൂന്ന് മുന്നണികളും. ഒടുവിലത്തെ കണക്കുകൾ പ്രകാരം 63.34 ശതമാണ് തിരുവല്ല മണ്ഡലത്തിൽ രേഖപ്പെടുത്തിയ പോളിംഗ്. കഴിഞ്ഞതവണ 69.23 ശതമാനമായിരുന്നു പോളിംഗ്. 80 വയസ് കഴിഞ്ഞവരുടെ ഉൾപ്പെടെ 5308 പോസ്റ്റൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ കുറഞ്ഞ പോളിംഗാണിത്. 61.92 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരുവനന്തപുരം നിയോജകമണ്ഡലമാണ് ഒന്നാമത്. 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഇതേപോലെ പോളിംഗ് കുറഞ്ഞത് ചർച്ചയായിരുന്നു. ഈ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ട് ലഭിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. അവസാന കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ. തിരുവല്ല മണ്ഡലത്തിൽ ആകെയുള്ള 2,12,288 വോട്ടർമാരിൽ 1,34,469 പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ പലഘട്ടങ്ങളിലായി പതിനായിരത്തോളം പുതിയ വോട്ടർമാരെ വോട്ടർപട്ടികയിൽ കൂട്ടിച്ചേർത്തിട്ടും പോളിംഗ് കുറഞ്ഞത് സ്ഥാനാർത്ഥികളെയാണ് ഏറെ അസ്വസ്ഥരാക്കുന്നത്. പോളിംഗ് കുറഞ്ഞതിന്റെ ഗുണം ആർക്കാകും ലഭിക്കുകയെന്നത് അറിയാൻ മേയ് രണ്ടുവരെ കാത്തിരിക്കുക തന്നെവേണം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടക്കത്തിൽ യു.ഡി.എഫിലും എൻ.ഡി.എയിലും ഉണ്ടായിരുന്നത് വോട്ടെടുപ്പിൽ പ്രതിഫലിച്ചോയെന്നും സംശയം ഉയർന്നിട്ടുണ്ട്. എൽ.ഡി.എഫിനൊപ്പം കേരള കോൺഗ്രസ് മാണി വിഭാഗം കൂടിയശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.എൽ.എയുടെ ഭൂരിപക്ഷം വർദ്ധിച്ചില്ലെങ്കിൽ മുന്നണിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടായേക്കും.
കണക്കുകൾ ഇങ്ങനെ
ആകെ വോട്ടർമാർ: 2,12,288
പോൾ ചെയ്തത്: 1,34,469
ആൺ: 66,938
പെൺ: 67,531
പോസ്റ്റൽ വോട്ട്: 5308
മുന്നണികളുടെ കണക്കുകൂട്ടൽ
എൽ.ഡി.എഫ്
എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസ് ഇത്തവണ 10,000 15,000 ഇടയ്ക്ക് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. മുന്നണിയുടെ ശക്തമായ പ്രചാരണം വോട്ട് വർദ്ധിപ്പിക്കും. ബി.ജെ.പിയുടെ വോട്ടുകൾ പലയിടത്തും പോൾ ചെയ്തിട്ടില്ല. ഇത് പോളിംഗ് ശതമാനത്തെ കുറച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 8,262 വോട്ടുകളായിരുന്നു. ഇത്തവണ അത് പതിനായിരം പിന്നിടും.
യു.ഡി.എഫ്
യു.ഡി.എഫിലെ കുഞ്ഞുകോശി പോളിന്റെ സ്ഥാനാർത്ഥി നിർണയ പ്രശ്‌നങ്ങൾ തുടക്കത്തിൽ തന്നെ പരിഹരിച്ച് പ്രചാരണത്തിൽ മുന്നേറിയതിനാൽ വിജയം സുനിശ്ചിതമാണ്. 5000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കണക്കാക്കുന്നു. നിശബ്ദമായ ഒട്ടേറെ വോട്ടുകളും ജനങ്ങളുടെ പ്രതികരണവും ഗുണകരമായിട്ടുണ്ട്. പോളിംഗ് കുറഞ്ഞത് യു.ഡി.എഫിനെ ബാധിക്കില്ല.
എൻ.ഡി.എ
എൻ.ഡി.എയിൽ അശോകൻ കുളനടയുടെ സ്ഥാനാർത്ഥി നിർണയം തുടക്കത്തിൽ പൊട്ടിത്തെറി ഉണ്ടാക്കിയെങ്കിലും അവസാനഘട്ടത്തിൽ ഒത്തൊരുമിച്ച് പ്രവർത്തിച്ചു. ഇത് കൂടുതൽ വോട്ടുകൾ കിട്ടാൻ സഹായിക്കും. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ ലഭിക്കും.ചിട്ടയായ പ്രചാരണങ്ങളിലൂടെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്.