കൂടൽ: കാറ്റിലും, മഴയിലും മരം ഒടിഞ്ഞ് വീണ് പശുക്കൾ ചത്തു. പോത്തുപാറ, തോട്ട വള്ളിൽ, ഷീമോന്റെ മേഞ്ഞുകൊണ്ടിരുന്ന മൂന്ന് പശുക്കളാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത മഴയെ തുടർന്നുണ്ടായ കാറ്റിൽ മരം ഒടിഞ്ഞ് വീണ് ചത്തത്. അതിരുങ്കലിൽ താമസിക്കുന്ന ഷീമോനും, കുടുബവും പോത്തുപാറയിലെ കുടുബ വീടിന് സമീപത്തെ പറമ്പിൽ പശുക്കളെ മേയാൻ വിട്ടശേഷം വോട്ട് ചെയ്യാൻ പോയ സമയത്തായിരുന്നു സംഭവം. വനമേഖലയോടു ചേർന്നപ്രദേശത്ത് കാട്ടാനകളുടെയും, ചെന്നായ്ക്കളുടെയും ശല്യമുള്ളതിനാൽ മൂന്ന് പശുക്കളേയും ഒരുമിച്ചായിരുന്നു പതിവായി കെട്ടിയിട്ടിരുന്നത്. 2 വയസിന് മുകളിൽ പ്രായമുള്ള ജേഴ്‌സി ഇനത്തിൽപ്പെട്ട പശുക്കളായിരുന്നു ഇവ. ഒരു പശുവിന് 30,000 രൂപ വിലമതിക്കുന്നതാണന്നും വായ്പയെടുത്ത് വാങ്ങിയ പശുക്കളായിരുന്നുവെന്ന് ഷീമോൻ പറഞ്ഞു. സംഭവ ദിവസം വോട്ടെടുപ്പായതിനാൽ ആരും അറിഞ്ഞിരുന്നില്ല. ടാക്‌സി ഡ്രൈവറായ ഷീമോൻ കൊവിഡ് വ്യാപനത്തെ തുടർന്ന് ഓട്ടം കുറഞ്ഞപ്പോൾ കന്നുകാലി വളർത്തലിൽ കൂടുതൽ വ്യാപൃതനായിരുന്നു. ഇന്നലെ കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റും, വെറ്റിനറി സർജനും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം പശുക്കളുടെ ജഡം മറവു ചെയ്തു.