പത്തനംതിട്ട : ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 2,54,827 ആളുകൾ ജില്ലയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. 45 വയസിനുമേലുള്ള 1,86,089 പേർ വാക്സിനെടുത്തു. 45നുമേൽ പ്രായമുള്ള 4,84,572 പേർക്ക് വാക്‌സിൻ വിതരണം ചെയ്യാനാണ് ജില്ല ലക്ഷ്യമിടുന്നത്. 63 സർക്കാർ കേന്ദ്രങ്ങളിലും 22 സ്വകാര്യ കേന്ദ്രങ്ങളിലുമായി 33 ശതമാനം പേരാണ് ഇതുവരെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.
വിതരണ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഇലന്തൂർ സാമൂഹികാരോഗ്യകേന്ദ്രം സന്ദർശിച്ചു. വാക്‌സിൻ നൽകുന്നതിൽ ജില്ലയിൽ മികച്ച പ്രവർത്തനം ഇലന്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ്. ഇവിടെ ഇതുവരെ 60 വയസിനു മുകളിൽ പ്രായമുള്ള 5479 പേരാണ് (74 ശതമാനം) വാക്‌സിൻ സ്വീകരിച്ചത്. 7433 പേരെയാണ് ലക്ഷ്യമിടുന്നത്. കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ 45 വയസിനു മുകളിൽ പ്രായമുള്ളവർ എത്രയുംവേഗം വാക്‌സിൻ എടുക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
ഒാഫീസുകളിലും വാക്സിൻ കുത്തിവയ്പ്
നൂറിലധികം പേർ ജോലി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, തൊഴിൽശാലകൾ, ഓഫീസുകൾ എന്നിവ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ അറിയിച്ചാൽ എല്ലാവർക്കും വാക്‌സിൻ എടുക്കാനുള്ള സൗകര്യമൊരുക്കും.
അസിസ്റ്റന്റ് കളക്ടർ വി.ചെൽസാസിനി, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.ആർ.സന്തോഷ് കുമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.ഗണേഷ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യകേന്ദ്രം സിവിൽ സർജൻ ഡോ.മായ തുടങ്ങിയവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.
147 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 147 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ വിദേശത്ത് നിന്ന് വന്നതും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 128 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 61,078 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 55,142 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 69 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 59,565 ആണ്.
ജനങ്ങൾ ജാഗ്രത പാലിക്കണം
അടൂർ : നഗരസഭാ പരിധിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നഗരസഭാ ചെയർമാൻ നഗരസഭാ ചെയർമാൻ ഡി. സജി അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിച്ച് കൈകൾ സൈനിറ്റൈസ് ചെയ്ത് മാത്രമേ പ്രവേശനം അനുവദിക്കാവൂ. ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡ്, മാർക്കറ്റ്, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് ജാഗ്രത പുലർത്തേണ്ടതാണ്. 60 വയസ്സിൽ കൂടുതൽ ഉള്ളവരും 10 വയസ്സിൽ താഴെയുള്ളവരും കഴിവതും പുറത്തിറങ്ങാതിരിക്കുക. 45 വയസ്സ് കഴിഞ്ഞവർക്കുള്ള കൊവിഡ് രോഗപ്രതിരോധ വാക്‌സിനേഷൻ നഗരസഭകളുടെ വിവിധ വാർഡുകളിലായി നടന്നു വരുന്നു. ഇത് പ്രയോജനപ്പെടുത്തി 60 വയസ്സു കഴിഞ്ഞ എല്ലാവരും വാക്‌സിനേഷൻ സ്വീകരിക്കണം.