കോഴഞ്ചേരി: പോളിംഗ് സ്റ്റേഷനുകളിലും ബൂത്തുകളിലും ശുചിത്വത്തിന്റെ അടയാളമായ ഹരിതകർമ്മ സേനാഅംഗങ്ങൾ നടത്തിയ പ്രവർത്തനം മാതൃകാപരമായി.
ജില്ലയിലെ 1530 ബൂത്തുകളിലായി 3060 ഹരിത കർമ്മ സേനാ അംഗങ്ങളാണ് ബൂത്തുകളുടെ ശുചീകരണത്തിന് രംഗത്തിറങ്ങിയത്. ശുചിത്വ മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, ഹരിത സഹായ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ മാതൃകാ ബൂത്തുകൾ സ്ഥാപിച്ചത്. മാലിന്യം ശേഖരിക്കാൻ മിക്കയിടത്തും ഓല കൊണ്ട് നിർമ്മിച്ച വല്ലങ്ങളും ഒരുക്കിയിരുന്നു. ശുദ്ധജല വിതരണത്തിന് മൺകൂജയും സ്റ്റീൽ ഗ്ലാസ്സുകളും തയ്യാറാക്കി. ഓല, പുൽപായ എന്നിവ ഉപയോഗിച്ച് ഒരുക്കിയ സ്വാഗത ബോർഡുകൾ, കുരുത്തോല പന്തൽ തുടങ്ങിയവയും ഹരിത സേനാംഗങ്ങളുടെ കരവിരുതിന്റെ നേർക്കാഴ്ചകളായി. ബൂത്തുകളിൽ നിന്ന് ശേഖരിച്ച പി.പി.ഇ കിറ്റ്, കയ്യുറ, ഫേസ് ഷീൽഡ്, കൊവിഡ് രോഗികൾ ഉപയോഗിച്ച മാസ്കുകൾ, തൊപ്പികൾ, ഹെഡ് കവർ, പ്ലാസ്റ്റിക് അല്ലാത്തവ എന്നിവ ഐ.എം.എയുടെ ആശുപത്രി മാലിന്യ സംസ്കരണ സംവിധാനമായ ഇമേജിന് കൈമാറി. ബൂത്തുകളിലെ മറ്റ് അവശിഷ്ടങ്ങളായ പേന, കടലാസ് തുടങ്ങിയവ ഹരിതകർമ്മ സേന പ്രവർത്തകർ അണുവിമുക്തമാക്കിയ ശേഷം പഞ്ചായത്തു തല മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികളിലേക്ക് (എം.സി.എഫ്) മാറ്റുന്ന ജോലികളും എല്ലായിടത്തും അന്തിമ ഘട്ടത്തിലാണ്. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കും.