പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ വോട്ടു ചെയ്യാതിരുന്നവരെ ചൊല്ലി ചർച്ച. സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്‌നങ്ങൾ കാരണം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നവർ ഏറെയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് ഏറ്റവും ബാധിച്ചിട്ടുള്ളത് എൻ.ഡി.എ വോട്ടുകളെയാകാമെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ, തങ്ങൾക്ക് ലഭിക്കേണ്ട വോട്ടുകൾ കൃത്യമായി പെട്ടിയിലുണ്ടെന്ന് എൻ.ഡി.എ നേതാക്കൾ ഉറപ്പിക്കുന്നു. അതേസമയം, ബൂത്ത് അടിസ്ഥാനത്തിൽ നടന്നിട്ടുള്ള വോട്ടുകളുടെ കണക്കുകൾ പരിശോധിച്ചാൽ ഓരോ മേഖലയിലെയും അടിയൊഴുക്ക് വ്യക്തമാണ്.
ഇത്തവണ 65.45 ശതമാനം പോളിംഗാണ് ആറന്മുളയിൽ രേഖപ്പെടുത്തിയത്. 2016ൽ 70.82 ശതമാനവും ലോക്‌സഭയിൽ 72 ശതമാനവും പോളിംഗുണ്ടായിരുന്നു. ഇരട്ട വോട്ടുകൾ അടക്കം മണ്ഡലത്തിലെ പട്ടികയിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. കുറെയധികം വോട്ടുകൾ സ്‌പെഷ്യൽ ബാലറ്റുകളിലേക്കും മാറി. 2016ൽ 2,27,943 വോട്ടർമാരിൽ 1,61,432 പേർ പോളിംഗ് ബൂത്തിലെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 2,27,770 വോട്ടർമാരാണുണ്ടായിരുന്നത്. ഇവരിൽ 1,63,996 പേർ വോട്ടു ചെയ്തു.
ഇത്തവണ 2,37,351 വോട്ടർമാരിൽ 1,55,346 പേരാണ് ബൂത്തിലെത്തിയത്. 2016ൽ വീണാ ജോർജ് 7646 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലത്തിൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 6593 വോട്ടുകൾക്ക് മുന്നിലെത്തി. വീണാ ജോർജ് തന്നെയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. തദ്ദേശ തിരഞ്ഞെടുപ്പിൽ 865 വോട്ടിന്റെ ലീഡും യു.ഡി.എഫിനു ലഭിച്ചു.
മണ്ഡലത്തിൽ ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുണ്ട്. 2016 നിയമസഭയിൽ 37,906 വോട്ടാണ് ബി.ജെ.പി നേടിയത്. ലോക്‌സഭയിൽ ഇത് 50,497 ആയി. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ 28,361 ആയി കുറയുകയും ചെയ്തു. ഇത്തവണ ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജു മാത്യുവിനെ സ്ഥാനാർത്ഥിയാക്കി വ്യത്യസ്തമായ പരീക്ഷണമാണ് ബി.ജെ.പി നടത്തിയത്. ഒാർത്തഡോക്സ് വോട്ടുകളായിരുന്നു ലക്ഷ്യം. ഇത് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന് മുന്നണികൾക്ക് യാതൊരു ഉൗഹവുമില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ മണ്ഡലത്തിൽ നേടിയ വോട്ടുകൾ:
2011 നിയമസഭ 64845, 58334, 10227
2014 ലോക്‌സഭ 58826, 47477, 23771
2016 നിയമസഭ 56877, 64523, 37906
2019 ലോക്‌സഭ 59277, 52684, 50497
കോന്നിയിലെ കൂടിയ പോളിംഗ്
ആവണിപ്പാറ കോളനിയിൽ
കോന്നി: കോന്നി നിയോജകമണ്ഡലത്തിലെ ഉയർന്ന പാേളിംഗ് ആവണിപ്പാറ ഗിരിജൻ കോളനിയിലെ അങ്കണവാടി ബൂത്തിൽ. ഇവിടെ 82.85 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 70 വോട്ടർമാരിൽ 58 പേരും വോട്ടു ചെയ്തു. 31 പുരുഷ വോട്ടർമാരിൽ 25 പേരും ബൂത്തിലെത്തി.
ഗവി ഗവൺമെന്റ് എൽ.പി സ്‌കൂളിലെ 52 ാം നമ്പർ ബൂത്തിൽ 63.2 ശതമാനമാണ് പോളിംഗ്. 405 വോട്ടർമാരിൽ 256 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൊച്ചുപമ്പ കെ.എഫ്.ഡി.സി ഓഫീസ് കോംപ്ലക്‌സ് ബൂത്തിലെ 294 വോട്ടർമാരിൽ 193 പേർ വോട്ടു ചെയ്തു. 65.64 ശതമാനമാണ് പോളിംഗ്. മൂഴിയാർ ഗവ.യു.പി സ്‌കൂൾ ബൂത്തിൽ 68.18 ശതമാനം പോളിംഗ് നടന്നു. 110 വോട്ടർമാരിൽ 75 പേരാണ് പോളിംഗ് ബൂത്തിലെത്തിയത്.