പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് എസ്. എസ്.എൽ.സി പരീക്ഷ ആരംഭിച്ചു. ജില്ലയിൽ 168 പരീക്ഷാ കേന്ദ്രങ്ങളിലായി ആകെ 10369 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 5401 ആൺകുട്ടികളും 4968 പെൺകുട്ടികളും ഉൾപ്പെടുന്നു. ഇതിൽ എസ്.സി വിഭാഗത്തിൽ 2025 വിദ്യാർത്ഥികളും എസ്.ടി വിഭാഗത്തിൽ 98 കുട്ടികളുമുണ്ട്.
ഗവൺമെന്റ് സ്‌കൂളുകളിലുള്ള 1505 വിദ്യാർത്ഥികളും എയ്ഡഡ് സ്‌കൂളുകളിലുള്ള 8468 വിദ്യാർത്ഥികളും അൺ എയ്ഡഡ് സ്‌കൂളുകളിലെ 396 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് പത്തനംതിട്ട മാർത്തോമ എച്ച്.എസ്.എസിലാണ്. 255 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. മൂന്നു കുട്ടികൾ മാത്രം പരീക്ഷ എഴുതുന്ന കൈപ്പട്ടൂർ ജി.വി.എച്ച്.എസിലാണ് പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കുറവ്.
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 3711 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് തിരുവല്ല എം.ജി.എം.എച്ച്.എസിലാണ്. 345 കുട്ടികൾ. ഒരു വിദ്യാർത്ഥി പരീക്ഷ എഴുതുന്ന നിരണം സെന്റ് തോമസ് എച്ച്.എസിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത്.168 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ എഴുതിക്കുന്നത് .ഒരു ബഞ്ചിൽ രണ്ട് കുട്ടികളാണ് ഇരിക്കുന്നത്. ഒരു മുറിയിൽ പരമാവധി 20 കുട്ടികളെയാണ് ഇരുത്തുന്നത്. സ്കൂളുകളുടെ കവാടത്തിൽ വിദ്യാർത്ഥികളുെട ശരീര ഊക്ഷ്മാവ് പരിശോധിച്ചശേഷമാണ് പ്രവേശിപ്പിക്കുന്നത്. മാസ്ക് ധരിച്ചാണ് കുട്ടികൾ പരീക്ഷ എഴുതുന്നത്. കൊവിഡ് പോസീറ്റീവായ കുട്ടികളുണ്ടെങ്കിൽ പരീക്ഷ എഴുതാൻ വിദ്യാലയങ്ങളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി വാഹനങ്ങൾ ഉള്ളവർ കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളിൽ കൊണ്ടു വിടുകയാണ്.