പത്തനംതിട്ട : വിപണിയിൽ വിഷു ഒരുക്കങ്ങളായി, കണി ഉല്ന്നങ്ങൾക്കും പച്ചക്കറികൾക്കും പുറമേ പടക്ക വിപണിയും സജീവമാണ്. കഴിഞ്ഞ വർഷം കൊവിഡിൽ മങ്ങിപ്പോയ വിപണി തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. പടക്കം വിൽക്കാൻ എല്ലാ കടകൾക്കും അനുമതിയില്ല. ശിവകാശിയിൽ നിന്നാണ് ജില്ലയിൽ കൂടുതൽ പടക്കങ്ങളെത്തുന്നത്. പൂത്തിരിയും കുരവപ്പൂവും ചക്രങ്ങളും മത്താപ്പൂവും തുടങ്ങി വിപണി തെളിയുകയാണ്.
ഭീമമായ നഷ്ടമായിരുന്നു കഴിഞ്ഞ വർഷം പടക്ക വിപണിയിലുണ്ടായത്. വിഷുവിനായി പടക്കം നിർമ്മിച്ചതിന് ശേഷമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും. ഈ വർഷം ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ജില്ലയിൽ 80 കടകൾക്ക് മാത്രമാണ്
പടക്കം വിൽക്കാൻ ലൈസൻസുള്ളത്.
വിഷുക്കിറ്റ് വില : 150 രൂ
പഴം, പച്ചക്കറി കിറ്റ് തയ്യാർ
വിപണിയിൽ വിഷുക്കിറ്റ് തയാറായിരിക്കുകയാണ്. കണി വെള്ളരി, മുരിങ്ങക്ക, മത്തങ്ങ, മാങ്ങ എന്നിവ അടങ്ങിയ കിറ്റാണുള്ളത്. പച്ചക്കറിയ്ക്ക് വില കുറഞ്ഞതും ആശ്വാസമാണ്. തിങ്കളാഴ്ചമുതൽ പച്ചക്കറിയ്ക്ക് വില കൂടാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികളും പറയുന്നു.
അതേസമയം പഴവർഗങ്ങൾക്ക് വില കൂടുതലാണ്. മൈസൂർ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിൽ പച്ചക്കറികളും പഴവർഗങ്ങളും എത്തുന്നത്. വിഷു പ്രമാണിച്ച് കൂടുതൽ സാധനങ്ങൾ ഓർഡർ നൽകി കാത്തിരിക്കുകയാണ് വ്യാപാരികൾ.
പഴങ്ങളുടെ വില (1 കിലോ ഗ്രാം)
ആപ്പിൾ...............180 - 220
മാതളനാരങ്ങ ..180
മുന്തിരി ..............150
ഒാറഞ്ച് ..............150
മാമ്പഴം ..............150
വേനലായതോടെ പഴവർഗങ്ങൾക്ക് വില കൂടുതലാണ്. മാങ്ങയുടെ സീസൺ തുടങ്ങിയതിനാൽ ഇനി വിലവർദ്ധിക്കാൻ സാദ്ധ്യതയുണ്ടാവില്ല.
ബഷീർ , ചെറുകിട വിൽപ്പനക്കാരൻ
കൊന്നപ്പൂവും വിലയ്ക്കുണ്ട്
കൊന്നപ്പൂവും വിപണിയിൽ വിലയ്ക്കുണ്ട്. ചന്തകൾ കേന്ദ്രീകരിച്ചും റോഡിനിരുവശങ്ങളിലുമാണ് വിൽപ്പന. ഏപ്രിൽ ആദ്യം മുതലേ കൊന്നകൾ പൂത്തുതുടങ്ങി. പൂവുകൾ വാങ്ങാനും ആളുകളേറെയുണ്ട്. രണ്ട് തണ്ടിന് പത്ത് രൂപയാണ് കൊന്നപ്പൂവിന്റെ വില.