health

പത്തനംതിട്ട : മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർക്കായി നടത്തിയ ഏകദിന ശിൽപശാല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഇ.മുഹമ്മദ് സഫീർ ഉദ്ഘാടനം ചെയ്തു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.ഇ.വിനോദ് കുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആർ.രാജേഷ് എന്നിവർ കാമ്പയിൻ ആക്ഷൻ പ്ലാനും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി.ഡോ.പി.അജിത എന്നിവർ ആരോഗ്യ ജാഗ്രതാ ക്ലാസുകളും നയിച്ചു. ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന പേരിൽ നടപ്പാക്കുന്ന ഈ വർഷത്തെ കാമ്പയിനിൽ ബന്ധപ്പെട്ട വിവിധ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ചെയർമാനും ജില്ലാ മെഡിക്കൽ ഓഫീസർ വൈസ് ചെയർമാനും ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കൺവീനറുമായ ജില്ലാതല കോർ കമ്മിറ്റി രൂപീകരിച്ചു.