കോന്നി: കോന്നിയിൽ എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്ന് സ്ഥാനാർത്ഥി അഡ്വ.കെ.യു.ജനീഷ് കുമാർ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ സ്വന്തം ബൂത്തിൽ 250ൽ അധികം വോട്ടുകളുടെ ലീഡ് എൽ.ഡി.എഫ് നേടും. എൽ.ഡി.എഫ് പരാജയപ്പെടുമെന്ന് പറയുന്നവർ സ്വപ്ന ലോകത്ത് ജീവിക്കുന്നവരാണ്. വോട്ട് എണ്ണുന്നതുവരെ അവർ അവിടെ കഴിയുന്നതിൽ എതിർപ്പില്ലെന്നും ജനീഷ് കുമാർ പറഞ്ഞു. കോന്നിയിലെ ജനവിധി അട്ടിമറിക്കാൻ ചില മാനേജർമാർ ചാക്കുമായി നടന്നു എന്നത് വ്യക്തമാണ്. ചില പഞ്ചായത്തുകളിലെ ബി.ജെ.പി പ്രവർത്തനത്തിലെ സജീവത വളരെ പെട്ടെന്ന് ഇല്ലാതാകുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് മത്സരിക്കുകയും, രാജ്യത്തിന്റെ പ്രധാനമന്ത്രി അടക്കം പ്രചാരണ രംഗത്ത് വരികയും ചെയ്തിട്ടും പല ബൂത്തുകളിലും വോട്ടിംഗ് ദിവസം ബി.ജെ.പി പ്രവർത്തകർ സജീവമല്ലാത്ത സ്ഥിതിയുണ്ടായി. രാഹുൽ ഗാന്ധി അടക്കം പ്രചാരണത്തിനെത്തിയിട്ടും മുൻ എം.എൽ.എയുടെ ശക്തികേന്ദ്രങ്ങളായി പറയപ്പെടുന്ന സ്ഥലങ്ങളിൽ കോൺഗ്രസ് ബൂത്തു പോലും ഇല്ലാത്ത സ്ഥിതിയായിരുന്നു. കോൺഗ്രസിലെ പ്റശ്‌നങ്ങളെ തുടർന്ന് നിരവധിയാളുകൾ തിരഞ്ഞെടുപ്പ് കാലത്ത് രാജിവച്ച് എൽ.ഡി.എഫിനെ പിൻതുണച്ചു.ചില ഗൂഢലക്ഷ്യങ്ങൾ നടപ്പിലാക്കാനുള്ള ശ്റമമാണ് കോന്നിയിലെ കോൺഗ്രസിൽ ചിലർ നടത്തിയത്. തിരഞ്ഞെടുപ്പു ഫലം അത് വെളിച്ചത്തു കൊണ്ടുവരും. കോൺഗ്രസിലെ പ്രതിഷേധത്തിലൂടെ നഷ്ടപ്പെടുന്ന വോട്ട് ബി.ജെ.പിയിൽ നിന്നു വാങ്ങാമെന്ന നിലയിലാണ് കോൺഗ്രസ് മാനേജർ പ്രവർത്തിച്ചത്. ഇതെല്ലാം ബോദ്ധ്യപ്പെട്ട് ചിട്ടയായ പ്റവർത്തനമാണ് എൽ.ഡി.എഫ് നടത്തിയത്.ബൂത്ത് തലത്തിൽ തന്നെ എൽ.ഡി.എഫ് പ്രവർത്തകർ പുലർത്തിയ ജാഗ്രത എൽ.ഡി.എഫ് വിജയത്തിനു കാരണമാകും. കോൺഗ്രസും,ബി.ജെ.പിയും നടത്തിയ വർഗീയ പ്രചാരണം അവർക്കു തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.