തിരുവല്ല: ഇരവിപേരൂർ നല്ലൂർസ്ഥാനം ഭദ്രകാളീ ക്ഷേത്രത്തിൽ വിഷു ഉത്സവം തുടങ്ങി. മേൽശാന്തി വാസുദേവരാജു കൊടിയേറ്റി. തുടർന്ന് പടയണിക്ക്‌ ചൂട്ടുവെച്ചു. ശനിയാഴ്ച രാത്രി എട്ടിന് പഞ്ചകോലം, ഞായറാഴ്ച രാവിലെ 8.30 മുതൽ ക്ഷേത്രമതിലകത്തെ കാവിലും കുറ്റുവേലി കാവിലും നൂറുംപാലും. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരി മുഖ്യകാർമികത്വം വഹിക്കും. രാത്രി എട്ടിന് പടയണിയിൽ ഭൈരവി. തിങ്കളാഴ്ച രാത്രി എട്ടിന് അടവി, ചൊവ്വാഴ്ച വൈകിട്ട് ആറിന് താലപ്പൊലി, എട്ടിന് ഇടപ്പടയണി, ബുധനാഴ്ച പുലർച്ചെ അഞ്ചിന് വിഷുക്കണി ദർശനം, വൈകീട്ട് ആറിന് വിളക്കിനെഴുന്നള്ളത്ത്, 7.30 ന് എതിരേല്പ്, 8.30 ന് കളമെഴുത്തും പാട്ടും, ഒൻപതിന് കൊടിയിറക്ക്, 9.15 ന് റാങ്കുജേതാവായ അമൃതകൃഷ്ണനും മറ്റ് ബാലപ്രതിഭകൾക്കും ഉപഹാരസമർപ്പണം. 9.30ന് വലിയപടയണി. വിഷു ദിവസംവരെ ഭഗവതിക്കുമുന്നിൽ നിറപറ, അൻപൊലി സമർപ്പണത്തിന് സൗകര്യമുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉത്സവം നടത്തുന്നത്.