അടൂർ : അധികൃതരുടെ വാദങ്ങളിലെ പൊള്ളത്തരങ്ങൾ തെളിയിച്ച് അടൂർ - ഉദയഗിരി സർവീസിന് മികച്ച കളക്ഷൻ. നഷ്ടമെന്ന പേരിൽ നിറുത്തലാക്കിയ സർവീസ് പുനരാരംഭിച്ചപ്പോഴാണിത്. നേരത്തെ കായംകുളം വഴി രാവിലെ ആരംഭിച്ച സർവീസ് നല്ല വരുമാനവുമായി മുന്നേറിയപ്പോൾ സമയംമാറ്റിയും റൂട്ട് മാറ്റിയും നഷ്ടത്തിലെത്തിക്കുകയായിരുന്നു. ഇൗ ബസിന് പിന്നാലെ കോട്ടയത്തുനിന്നും ഒരു സ്വകാര്യ സർവീസ് ഉദയഗിരിക്ക് ആരംഭിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ബസിനെ സഹായിക്കാനാണ് അധികൃതർ ഇത് ചെയ്തതെന്ന് അന്ന് പരാതിയുണ്ടായിരുന്നു.
വൈകിട്ട് 3.15 നായിരുന്നു തുടക്കത്തിൽ ബസ് അടൂരിൽ നിന്ന് കായംകുളം വഴി പുറപ്പെട്ടിരുന്നത്. നല്ല വരുമാനം ലഭിച്ചുകൊണ്ടിരിക്കെ സമയം മാറ്റി വൈകിട്ട് നാല് മണിക്കാക്കിയതോടെ വരുമാനം കുറഞ്ഞു. എറണാകുളത്തുനിന്ന് ഉദയഗിരിയിലേക്കുള്ള ഒരു സ്വകാര്യ സർവീസ് ഇതിന് മുമ്പേ കടന്നുപോയതോടെയാണ് വരുമാനത്തിൽ കുറവുണ്ടായത്. പഴയസമയത്തിലേക്ക് മാറ്റണമെന്ന ആവശ്യം ഉയർന്നെങ്കിലും അധികൃതർ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല നഷ്ടത്തിന്റെ പേരുപറഞ്ഞ് കായംകുളം വഴിയുള്ള സർവീസ് കോട്ടയംവഴിയാക്കിയതോടെ പൂർണമായും വരുമാനം നിലച്ചു. തുടർന്ന് സർവീസ് നിറുത്തലാക്കി. ലോക്ഡൗണിനു ശേഷം സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റയം ഗോപകുമാർ എം. എൽ. എ സമ്മർദ്ദം ചെലുത്തിയതോടെയാണ് വീണ്ടും തുടങ്ങിയത്. അടൂരിൽ നിന്ന് 3 മണിക്കാണ് കണ്ണൂർ ഉദയഗിരിയിലേക്ക് കായംകുളം - എറണാകുളം വഴി സർവീസ് പുനരാരംഭിച്ചത്. അടൂരിൽ നിന്ന് പുറപ്പെടുന്ന ബസ് തൃശൂരിൽ എത്തുമ്പോൾ അവിടെ നിന്നുള്ള കണ്ടക്ടറും ഡ്രൈവറുമാണ് ഉദയഗിരിയിലേക്ക് പോകുന്നത്. അടൂരിൽ നിന്നുള്ള ജീവനക്കാർ തലേദിവസം പോയ ബസുമായി രാത്രി തൃശൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 7 മണിക്ക് അടൂരിൽ തിരികെ എത്തും. നിലവിൽ ഇൗ സർവീസിന് പ്രതിദിനം ശരാശരി 44,000 രൂപ വരുമാനമുണ്ട്. അടൂർ ഡിപ്പോയ്ക്ക് മാത്രം ശരാശരി 20,000 രൂപ ലഭിക്കും. ശേഷിച്ച തുക തൃശൂർ ഡിപ്പോയ്ക്കും ലഭിക്കും. സ്വകാര്യ ബസുകളെ സഹായിക്കാൻ ഒളിഞ്ഞുംതെളിഞ്ഞും നടത്തിയ നീക്കങ്ങൾ കെ. എസ്. ആർ. ടി. സി എം. ഡി യുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇൗ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
---------
@ സ്വകാര്യ ബസിനെ സഹായിക്കാൻ സമയംമാറ്റിയും റൂട്ട് മാറ്റിയും നഷ്ടത്തിലാക്കി നിറുത്തിയ സർവീസ്
@ ഒന്നരമാസം മുമ്പാണ് വീണ്ടും തുടങ്ങിയത്
@ ഇപ്പോൾ വരുമാനം പ്രതിദിനം
ശരാശരി 44,000 രൂപ