പത്തനംതിട്ട : കൊവിഡിന്റെ രണ്ടാംവരവ് രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി. ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കുകയും നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും വേണം.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തുടങ്ങിയതിനാൽ കൂടുതൽ സൂക്ഷ്മത പുലർത്തണം. പരീക്ഷാകേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിന് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. എല്ലാ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നതായും, മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കുന്നതായും ഉറപ്പാക്കുന്നതിനുവേണ്ട നടപടികൾ എസ്.എച്ച്.ഒമാർ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രായമുള്ളവരും കുട്ടികളും യാത്രകൾ പരമാവധി ഒഴിവാക്കണം.
നിയന്ത്രണങ്ങൾ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത പരിശോധനകളും ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതും കർക്കശമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതിരുന്നാൽ ബോധവൽക്കരണത്തോടൊപ്പം പിഴ ഈടാക്കുന്നത് തുടരും. മാസ്ക് കൃത്യമായി ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ഉറപ്പാക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകി. കടകളിലും മറ്റും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണമുണ്ടെന്നും പൊലീസ് ഉറപ്പുവരുത്തും.
വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും മാസ്‌ക് ധരിക്കണം, ടാക്‌സികളിലും മറ്റും യാത്ര ചെയ്യുന്നവർ മുഖാവരണം കൃത്യമായി ധരിക്കുന്നുണ്ടോയെന്നു പരിശോധിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി ഒരാഴ്ചയിലധികം നാട്ടിൽ തങ്ങുന്നവർ, ഏഴു ദിവസത്തെ ക്വാറന്റൈനിൽ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
259 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 259 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്ത് നിന്ന് വന്നതും, 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 241 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 61,335 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 55,383 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 51 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 59,616 ആണ്.