cashew

തണ്ണിത്തോട്: പഴുത്ത് പാകമായിക്കിടക്കുന്ന കശുമാവുകൾ ഒരു കാലത്ത് മലയാര ഗ്രാമങ്ങളിലെ സമൃദ്ധിയുടെ അടയാളമായിരുന്നുവെങ്കിൽ, ഇന്ന് ഇൗ കാഴ്ചകൾ മറയുകയാണ്. മറ്റൊരു കൃഷിയും ചെയ്യാൻ കഴിയാത്ത കല്ലുകൾ നിറഞ്ഞ പ്രദേശങ്ങളിലായിരുന്നു കശുമാവുകൾ വളർന്നിരുന്നത്. നാടൻ കശുമാവിനങ്ങൾക്ക് പുറമേ കാർഷിക സർവ്വ കലാശാല വികസിപ്പിച്ചെടുത്ത ഇനങ്ങളും കൃഷി ചെയ്തിരുന്നു. ജനുവരി മുതൽ മെയ് വരെ മൂന്ന് തവണകളിലായി കായ്ക്കുന്ന അത്യുത്പാദനശേഷിയുള്ള നാടൻ ഇനങ്ങളോടായിരുന്നു കർഷകർക്ക് കൂടുതൽ താത്പര്യം. നല്ല നടീൽ വസ്തുക്കൾ തിരഞ്ഞെടുത്ത്, കൃത്യമായ അകലം പാലിച്ച് തൈകൾ നട്ട്, കൃത്യമായ വള പ്രയോഗം നടത്തി, കീടബാധ തടഞ്ഞ് വളർത്തി കൊണ്ടു വന്നാൽ നല്ല വരുമാനം ലഭിക്കുന്ന നാണ്യവിളയാണ് കശുമാവെന്ന് കർഷകർ പറയുന്നു. തളിർത്തതിന് ശേഷം പൂക്കുന്ന സ്വഭാവമാണ് കശുമാവിനുള്ളത്. യൂറിയ, പൊട്ടാഷ്, കാലിവളം എന്നിവയാണ് വളമായി നൽകുന്നത്. തേയില കൊതുകിന്റെ ആക്രമണം തടയാൻ പുകയ്ക്കുകയും ഫഗസിനെ നശിപ്പിക്കാൻ ബോർഡോ മിശ്രിതവും കർഷകർ ഉപയോഗിക്കുന്നു. ഒരു ഏക്കറിൽ നിന്ന് വർഷം 1000 കിലോ കശുവണ്ടി ഉത്പ്പാദിപ്പിക്കാൻ കഴിയും. ഇതിലൂടെ 1, 20,000 രൂപ വരെ ലഭിക്കും. മറ്റുവിളകളിലൂടെ കൂടുതൽ ലാഭം നേടാനായതിലൂടെയാണ് കർഷകരും കശുമാവിനെ കൈയൊഴിഞ്ഞത്.