ചെങ്ങന്നൂർ: ചെങ്ങന്നൂരും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാകുന്നു. ചെറിയ കാറ്റടിച്ചാൽ വൈദ്യുതി പോകുമെന്നതാണ് സ്ഥിതി. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റാനായി വേനലിന്റെ തുടക്കത്തിൽ ടച്ചിംഗ് വെട്ടിന്റെ പേരിൽ വൈദ്യുതി തടസപ്പെടുത്തിയിരുന്നതിന് പിന്നാലെയാണ് ഇപ്പോഴുള്ള മുടക്കം. മഴയിലും കാറ്റിലും മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് വൈദ്യുതി മുടങ്ങുന്നതാണ് ഇപ്പോഴത്തെ കാഴ്ച. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം കഴിഞ്ഞ ദിവസം വൈദ്യുതി സെഷൻ ഓഫീസ് വരെ എത്തി. പ്രതിഷേധക്കാരെ വൈദ്യുതി വകുപ്പ് ജീവനക്കാർ അനുനയിപ്പിച്ച് തിരിച്ചയച്ചെങ്കിലും പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ചെങ്ങന്നൂർ ഫയർ സ്റ്റേഷനിലെ ലാന്റ് ഫോൺ തകരാറിലായിരുന്നു. ഇന്റർനെറ്റ് കണക്ഷൻ, ടി.വി,യു.പി.എസ് എന്നിവയ്ക്കും കേടുപാട് സംഭവിച്ചു. ലാന്റ് ഫോൺ തകരാറിലായതിനാൽ അത്യാഹിതം ഉണ്ടായാൽ അറിയിക്കാൻ മാർഗമില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ.