ആറന്മുള: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തെക്ക് ഭാഗത്തെ മാലിന്യംനിറഞ്ഞ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വൈകുന്നു. പള്ളിയോട സേവാസംഘത്തിന്റെ ഓഫിസായ പാഞ്ചജന്യം ഓഡിറ്റോറിയത്തിനും സ്ഥാപനങ്ങൾക്കും സമീപമാണ് വെള്ളക്കെട്ട് .ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് മൂലം കിഴക്കേനട റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാനാവില്ല.
പൊതുമരാമത്ത് വകുപ്പ് പുനർ നിർമാണം നടത്തിയപ്പോൾ കോൺക്രീറ്റ് ഉപയോഗിച്ച് ചരിഞ്ഞരീതിയിൽ ഓട നിർമിക്കുകയായിരുന്നു. മഴ പെയ്യുമ്പോൾ ചരിഞ്ഞ ഭാഗത്തേക്ക് ഒഴുകി വരുന്ന മലിന ജലം കെട്ടിക്കിടക്കുകയാണ്.
പള്ളിയോട സേവാസംഘം ആഴ്ചയിൽ ഒന്നും രണ്ടും ദിവസം ജോലിക്കാരെ നിറുത്തി ഇവിടം വൃത്തിയാക്കിയിരുന്നു.. പക്ഷേ വേനൽ മഴയിൽ പാഞ്ചജന്യം ഓഡിറ്റോറിയത്തിലേക്ക് കയറാൻ ബുദ്ധിമുട്ടായിരിക്കുകയാണ്
സേവാ സംഘം നിർമിച്ച താത്കാലിക ഇരുമ്പു കോണി മുഖേനയാണ് ഇവിടേക്ക് ഇപ്പോൾ ആളുകൾ എത്തുന്നത്
പാഞ്ചജന്യം ഓഡിറ്റോറിയത്തിന് പടിഞ്ഞാറ് ഭാഗത്ത് ഒരു സ്വകാര്യ വ്യക്തി ഓട മണ്ണിട്ട് നികത്തിയതും രണ്ട് കടയുടമകൾ പൊതു റോഡ് കൈയേറിയതുമാണ് വെള്ളക്കെട്ടിന് മറ്റൊരു കാരണം.
-------------
" വ്യാപാര സ്ഥാപനങ്ങൾക്ക് ഭീഷണിയായ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്. "
പി. ആർ. രാധാകൃഷ്ണൻ , (സെക്രട്ടറി, പള്ളിയോട സേവാ സംഘം, ആറന്മുള )