മല്ലപ്പള്ളി: മണിമലയാറിന് കുറുകെ മല്ലപ്പള്ളി വലിയപാലത്തിനോട് ചേർന്നുള്ള നടപ്പാലം അപകടഭീഷണി ഉയർത്തുന്നു. ഐ.എച്ച്.ആർ.ഡി, നിർമ്മൽ ജ്യോതി എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിയാളുകൾ സ്ഥിരമായി ഉപയോഗിക്കുന്ന നടപ്പാലം അറ്റകുറ്ററപണികൾ നടത്താത്തതിനാൽ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. കൂടാതെ ഇതിൽ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് തകിടുകൾ മിക്കതും വെൽഡിംഗ് വിട്ട് പൊങ്ങിനിൽക്കുന്ന സ്ഥിതിയാണ്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഇരുമ്പ് നടപ്പാലത്തിന് പലവട്ടം അറ്റകുറ്റപണി നടത്തിയെങ്കിലും ഇരുമ്പ് തകിടിന് പകരം തുരുമ്പെടുക്കാത്ത തകിട് ഉപയോഗിച്ച് ബലപ്പെടുത്തണമെന്ന ആവശ്യം താലൂക്ക് വികസന സമിതി ഉൾപ്പെടെ നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. വൻദുരന്തത്തിന് മുമ്പ് അറ്റകുറ്റപണികൾ നടത്തി അപകട സാദ്ധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.