ചെങ്ങന്നൂർ: കൊവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിട്ട കേന്ദ്ര സർക്കാരിന്റെ ഭരണപരാജയം രണ്ടാം പാദത്തിലും ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ലോക് സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്ഥാവനയിൽ അറിയിച്ചു. ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് കുതിച്ചുയരുകയാണ്. പല സംസ്ഥാനങ്ങളിൽ നിന്നും വീണ്ടും അന്യസംസ്ഥാന തൊഴിലാളികൾ ജന്മനാടുകളിലേക്ക് തിരികെപോകുന്നു. എന്നാൽ ഉയരുന്ന കൊവിഡ് കേസുകളുടെ യാഥാർത്ഥ്യം മറച്ചുവെച്ച് കേന്ദ്ര സർക്കാർ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയുമുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിൽ ഭവാനിപ്പൂരിൽ വീടുകൾ തോറും കയറിയിറങ്ങിയുള്ള പ്രചാരണം നടത്തുന്നു. മറ്റു രാജ്യങ്ങളുടെ മുന്നിൽ വാക്‌സിൻ മൈത്രി എന്ന പേരിൽ നയതന്ത്ര മാമാങ്കം നടത്തുന്ന സർക്കാർ സ്വന്തം നാട്ടിലെ ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ ഉറപ്പു വരുത്തുന്നതിൽ അലംഭാവം കാട്ടുകയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു. എല്ലാ ജനങ്ങൾക്കും വാക്‌സിൻ നൽകണമെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ സർക്കാരിന് ഔദ്യോഗികമായി കത്തു നൽകിയിട്ടുണ്ട്. രണ്ടാം കൊവിഡ് തരംഗം ഫലപ്രദമായി നേരിടാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാനും സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചു കേന്ദ്ര സർക്കാർ തയാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.